ഭോപാൽ: മുഗൾ ചക്രവർത്തിയായ ഷാജഹാൻ പത്നി മുംതാസ് മഹലിന്‍റെ സ്മരണക്കായി നിർമിച്ച പ്രണയ സ്മാരകമാണ് താജ്മഹൽ. എന്നാൽ, നൂറ്റാണ്ടുകൾക്കിപ്പുറം മധ്യപ്രദേശിലെ ബുർഹാൻപുർ സ്വദേശി താജ്മഹലിന്റെ മാതൃകയിലുളള ഒരു സ്വപ്നവീടാണ് ഭാര്യക്ക് നിർമിച്ചുനൽകിയത്.
വിദ്യാഭ്യാസ വിദഗ്ധനായ ആനന്ദ് പ്രകാശ് ചോക്സിയാണ് ഭാര്യ മഞ്ജുഷ ചോക്സിക്കായി വെണ്ണക്കൽ സ്മാരകമെന്ന് തോന്നിക്കുന്ന വീട് നിർമിച്ച് നൽകിയത്. ആശുപത്രി, സ്കൂൾ തുടങ്ങിയ സ്ഥാപനങ്ങളുടെ ഉടമയാണ് ആനന്ദ്. തന്‍റെ സ്കൂളിന് സമീപമാണ് ഭാര്യക്കായി വീട് നിർമിച്ച് നൽകിയത്.
ലോകമഹാത്ഭുതങ്ങളിലൊന്നായ താജ്മഹലിന്റെ മാതൃകയിലാണ് വീട് നിർമിച്ചിരിക്കുന്നത്. ഭാര്യയോടൊപ്പം മൂന്ന് വർഷം മുമ്പ് താജ്മഹൽ സന്ദർശിച്ചതോടെയാണ് അതേ മാതൃകയിൽ വീട് നിർമിക്കാൻ ചോക്സിക്ക് തോന്നിയത്. തുടർന്ന് വീട് നിർമിക്കാൻ എൻജിനീയർമാരെ ഏൽപ്പിച്ചു. അവർ താജ്മഹൽ മാതൃക സൂക്ഷ്മമായി നിരീക്ഷിച്ച് മനസിലാക്കി. മൂന്നുവർഷംകൊണ്ടാണ് വീട് പണി പൂർത്തിയാക്കിയതെന്നും ചോക്സി പറയുന്നു.
താജ്മഹൽ സന്ദർശിക്കാൻ കഴിയാത്ത നിരവധി പേരാണ് ബുർഹാൻപുരിലെ തന്‍റെ വീട് കാണാനെത്തുന്നതെന്നും ചോക്സി പറയുന്നു.
55-60 അടി ഉയരത്തിലാണ് വീടിന്‍റെ നിർമാണം. 80 അടിയിൽ നിർമിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ, അത്രയും ഉയരത്തിൽ നിർമിക്കാൻ പ്രാദേശിക ഭരണകൂടത്തിന്‍റെ അനുമതി ലഭിച്ചില്ല. വലിയൊരു ഹാർ, നാലു കിടപ്പുമുറി, അടുക്കള, ധ്യാനമുറി എന്നിവ അടങ്ങിയതാണ് വീട്. കൂടാതെ 29 അടി ഉയരത്തിലുള്ള താഴികക്കുടവും ഈ താജ്മഹൽ വീടിന്‍റെ പ്രത്യേകതയാണ്.
താജ്മഹലിന്റെ ഡിസൈൻ മനസിലാക്കുന്നതിന് മാത്രം ഒന്നരമാസം സമയമെടുത്തുവെന്ന് എൻജിനീയറായ പ്രവീൺ ചോക്സി പറയുന്നു. പിന്നീട് രണ്ടര വർഷംകൊണ്ട് പണി തീർത്തു. താജ്മഹൽ നിർമിക്കാൻ ഉപയോഗിച്ച വെണ്ണക്കല്ലിന് സമാനമായ മാർബിളാണ് വീടിനും ഉപയോഗിച്ചിരിക്കുന്നത്. വീടിനുള്ളിലെ കൊത്തുപണികൾ തീർക്കാനായി ബംഗാളിലെയും ഇൻഡോറിലെയും കലാകാരൻമാരുടെ സഹായം തേടിയെന്നും പ്രവീൺ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.