ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിനടുത്ത് ഗ്രാമം വിട്ടുപോകാനാവശ്യപ്പെട്ട് മുസ്ലിം കുടുംബത്തെ മർദിച്ചതായി പരാതി. കാമ്പൽ പഞ്ചായത്തിലെ ഹിന്ദു ഭൂരിപക്ഷ ഗ്രാമമായ പിവ്ഡെയിൽ താമസിക്കുന്ന ഏഴംഗ കുടുംബത്തെയാണ് നൂറോളം വരുന്നവർ ശനിയാഴ്ച രാത്രി ആക്രമിച്ചത്. ജയ് ശ്രീറാം വിളിച്ചെത്തിയ സംഘം, വീട് വിട്ടുപോകാൻ നൽകിയ അന്ത്യശാസനം പാലിച്ചില്ലെന്ന് പറഞ്ഞ് മർദിക്കുകയായിരുന്നുവെന്ന് കുടുംബം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ഇരുമ്പുപണിക്കാരായ കുടുംബത്തോട് ഒക്ടോബർ ഒമ്പതിന് ഗ്രാമം വിട്ടുപോകാൻ ചിലർ ഒരു മാസം മുമ്പ് ആവശ്യപ്പെട്ടിരുന്നുവെന്നും പരാതിയിൽ പറയുന്നു.
തെൻറ പിതാവിനെ സംഘം മർദിച്ചവശനാക്കിയെന്നും തടയാൻ ചെന്ന അമ്മാവനെയും മർദിച്ചുവെന്നും കുടുംബാംഗമായ ഷാറൂഖ് ഗിയാസുദ്ദീൻ പറഞ്ഞു. മർദിക്കുന്ന ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച സഹോദരി ഫൗസിയയെ വലിച്ചിഴച്ചുവെന്നും ഫോൺ പിടിച്ചുവാങ്ങി തകർത്തുവെന്നും ഷാറൂഖ് പറഞ്ഞു. അര മണിക്കൂറോളം അക്രമം നടത്തിയ സംഘം സ്ഥലം വിട്ടതോടെ കുടുംബം ഖുദേൽ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. തുടർന്ന് ഇൻഡോറിലെ ആശുപത്രിയിൽ ചികിത്സയും തേടി.
അതേസമയം, സാമ്പത്തിക തർക്കത്തെത്തുടർന്ന് രണ്ടു സംഘങ്ങൾ തമ്മിലുണ്ടായ കശപിശയാണെന്നാണ് പൊലീസിെൻറ നിലപാട്. സംഭവത്തിൽ രണ്ടു പരാതി ലഭിച്ചിട്ടുണ്ടെന്നും സാമുദായിക പ്രശ്നമല്ലെന്നും ഖുദേൽ പൊലീസ് പറയുന്നു. കേസെടുത്ത് അന്വേഷിച്ച് വരികയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു. പ്രദേശം വിട്ടുപോകാൻ ചിലർ നേരത്തെ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ഗ്രാമപഞ്ചായത്ത് സർപഞ്ചിനെ സമീപിച്ചിരുന്നൂവെന്നും ഷാറൂഖ് ഗിയാസുദ്ദീൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.