ചെന്നൈ: വനിതാ മാധ്യമപ്രവർത്തകരെ അപകീർത്തിപ്പെടുത്തിയ കേസിൽ നടനും മുൻ ബി.ജെ.പി നേതാവുമായ എസ്.വി. ശേഖറിന് വിചാരണ കോടതി വിധിച്ച ഒരു മാസത്തെ തടവുശിക്ഷ മദ്രാസ് ഹൈകോടതി ശരിവെച്ചു. മുൻ അണ്ണാ ഡി.എം.കെ എം.എൽ.എ കൂടിയാണ് ശേഖർ.
2018 ഏപ്രിൽ 19ന് വനിതാ മാധ്യമപ്രവർത്തകരെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ വിവാദ പരാമർശം നടത്തിയതിന് എസ്.വി. ശേഖറിനെതിരെ തമിഴ്നാട് ജേണലിസ്റ്റ് അസോസിയേഷനാണ് പരാതി നൽകിയത്. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയൽ നിയമപ്രകാരവും എസ്.വി. ശേഖറിനെതിരെ ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസ് കേസെടുത്തു.
എം.പിമാർക്കും എം.എൽ.എമാർക്കും എതിരായ കേസുകൾ പരിഗണിക്കുന്ന ചെന്നൈയിലെ പ്രത്യേക കോടതി എസ്.വി. ശേഖറിന് ഒരു മാസം തടവും 15,000 രൂപ പിഴയും വിധിച്ചു. ഇതിനെതിരെ എസ്.വി. ശേഖർ മദ്രാസ് ഹൈകോടതിയിൽ നൽകിയ അപ്പീലിന്മേലാണ് വിധി. സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ 90 ദിവസത്തെ സമയപരിധിയും കോടതി അനുവദിച്ചിട്ടുണ്ട്.
തമിഴ്നാട് ബി.ജെ.പി അധ്യക്ഷൻ കെ.അണ്ണാമലൈയുടെ നിശിത വിമർശകനാണ് എസ്.വി. ശേഖർ. അണ്ണാമലൈ സംസ്ഥാന അധ്യക്ഷ പദവിയേറ്റെടുത്തതിനുശേഷം സംഘടനാ പ്രവർത്തനത്തിൽനിന്ന് വിട്ടുനിൽക്കുകയാണ് ഇദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.