ചെന്നൈ: ഗ്രാമീണമേഖലയിലെ സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന പാവപ്പെട്ട വിദ്യാർഥികളുടെ വേദനകൾ പറഞ്ഞറിയിക്കാൻ കഴിയാത്തതാണെന്നും ഇവരെ ഏതെങ്കിലും വിധത്തിൽ തങ്ങൾക്ക് സഹായിക്കാനാവില്ലേയെന്നും ചോദിച്ച് മധുര ഹൈകോടതി ബെഞ്ചിലെ ജസ്റ്റിസ് എൻ. കൃപാകരൻ വിതുമ്പിക്കരഞ്ഞു.
തമിഴ്നാട്ടിൽ മെഡിക്കൽ പ്രവേശനത്തിൽ ഗവ. സ്കൂൾ വിദ്യാർഥികൾക്ക് 7.5 ശതമാനം സംവരണം ഗവർണറുടെ അനുമതി ലഭിച്ചാൽ മാത്രമെ ഈ വർഷം മുതൽ നടപ്പാക്കാൻ കഴിയൂവെന്ന് സംസ്ഥാന സർക്കാർ മധുര ഹൈകോടതി െബഞ്ചിനെ അറിയിച്ചപ്പോഴായിരുന്നു ജഡ്ജി വികാരാധീനനായത്. നീറ്റ് പരീക്ഷാഫലം പുറത്തുവരാനിരിക്കെ നിയമം ഉടനടി നടപ്പാക്കണമെന്ന പൊതു താൽപര്യ ഹരജി വെള്ളിയാഴ്ച പരിഗണിക്കുകയായിരുന്നു കോടതി. ഇക്കാര്യത്തിൽ ഗവർണറെ നിർബന്ധിക്കാനാവില്ലെന്നും ഗവർണറുടെ തീരുമാനം ഉണ്ടാവുന്നതുവരെ പ്രവേശന നടപടികൾ നിർത്തിവെക്കുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. തുടർന്ന് നിയമം ഉടനടി പ്രാബല്യത്തിലാവുമെന്ന പ്രതീക്ഷയാണുള്ളതെന്നു പറഞ്ഞ് എൻ. കൃപാകരൻ, പുകഴേന്തി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് കേസ് മാറ്റിവെക്കുകയായിരുന്നു.
തമിഴ്നാട്ടിൽ മെഡിക്കൽ പ്രവേശനത്തിൽ സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക് 7.5 ശതമാനം സംവരണമേർപ്പെടുത്തുന്ന ബിൽ ഒരു മാസം മുമ്പാണ് നിയമസഭ െഎകകണ്ഠ്യേന പാസാക്കിയത്. ഗ്രാമീണ മേഖലയിലും സർക്കാർ വിദ്യാലയങ്ങളിലും പഠിച്ച കുറഞ്ഞ ശതമാനം വിദ്യാർഥികൾ മാത്രമാണ് നീറ്റ് പരീക്ഷയിൽ വിജയം നേടുന്നത്. ഇൗ സാഹചര്യത്തിലാണ് തമിഴ്നാട് സർക്കാർ പുതിയ സംവരണ നിയമം പാസാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.