ചെന്നെ: ഒമ്പത് മാസത്തെ തടവിനിടെ ജയിലിൽ കിടന്ന് മരിച്ച ആദിവാസി അവകാശ സംരക്ഷകൻ ഫാ. സ്റ്റാൻ സ്വാമിയുടെ സ്മാരകം സ്ഥാപിക്കാനുള്ള നിയമപ്പോരാട്ടതിനൊടുവിൽ വിജയിച്ച് തമിഴ്നാട്ടിൽ നിന്നുള്ള കർഷകൻ. തമിഴ്‌നാട്ടിലെ ധർമപുരിയിൽ സ്‌തംഭം സ്ഥാപിക്കാൻ മദ്രാസ് ഹൈകോടതി അനുമതി നൽകി. ഫാ. സ്വാമിക്ക് നക്സലുകളുമായും മാവോയിസ്റ്റുകളുമായും ബന്ധമുണ്ടെന്ന ജില്ലാ അധികാരികളുടെ വാദത്തെ തള്ളിക്കൊണ്ടാണ് ഹൈകോടതിയുടെ ഉത്തരവ്.
ഹരജിക്കാരനായ പിയൂഷ് സേത്തിയക്ക് തന്റെ സ്വകാര്യ ഭൂമിയിൽ ശിലാ സ്മാരകം നിർമിക്കാമെന്നും അത് പൊതുജനങ്ങൾക്ക് ഒരു തടസ്സവും ഉണ്ടാക്കില്ലെന്നും കോടതി പറഞ്ഞു. നല്ലംപള്ളി താലൂക്കിലെ ഒരു വില്ലേജിൽ കൃഷി-നീർത്തട വികസന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സേത്തിയക്ക് 2021 ജൂലൈയിൽ പ്രാദേശിക തഹസിൽദാർ ഫാദർ സ്റ്റാൻ സ്വാമിയുടെ ചിത്രം ഉൾക്കൊള്ളുന്ന കൽത്തൂൺ സ്ഥാപിക്കാൻ അനുമതി നിഷേധിച്ചിരുന്നു. തഹസിൽദാറുടെ നോട്ടീസിനെതിരെ സേത്തിയ ഹൈകോടതിയെ സമീപിച്ചു. നോട്ടീസ് നിയമവിരുദ്ധമാണെന്ന് സേത്തിയയുടെ അഭിഭാഷകൻ വാദിച്ചു. സ്വകാര്യ ഭൂമിയിൽ ആദരണീയരായ വ്യക്തികളുടെ പ്രതിമകൾ സ്ഥാപിക്കുന്നത് നിയമപരമായി പരിഹരിക്കപ്പെട്ട വിഷയമാണെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
എതിർ സത്യവാങ്മൂലത്തിൽ, ജില്ലാ അധികാരികൾ സ്മാരകം സ്ഥാപിക്കുന്നതിനെ എതിർക്കുകയും ധർമ്മപുരി ജില്ലയിലെ നിരവധി ആദിവാസി കുഗ്രാമങ്ങൾ സാമൂഹിക വിരുദ്ധരുടെ സങ്കേതമാണെന്നും അവരുടെ പ്രത്യയശാസ്ത്രം സർക്കാറിനെയും അതിന്റെ പ്രവർത്തനങ്ങളെയും എതിർക്കുകയും ചെയ്യുന്നുവെന്നും അവകാശപ്പെട്ടു. സ്മാരകം സ്ഥാപിക്കുന്ന വ്യക്തിക്ക് നക്സലുകളുമായും മാവോയിസ്റ്റുകളുമായും ബന്ധമുണ്ടെന്ന് ജില്ലാ അധികാരികൾ വാദിക്കുകയും സേത്തിയ സ്മാരകം സ്ഥാപിക്കുന്നതിൽ ശക്തമായി എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തു.
എന്നാൽ, തഹസിൽദാറുടെ നടപടി ഉചിതമല്ലെന്നും ഫാ. സ്റ്റാനിനെതിരായ കുറ്റങ്ങൾ ഒരിക്കലും തെളിയിക്കപ്പെട്ടില്ലെന്നും വ്യക്തമാക്കിയ ജസ്റ്റിസ് എം.ദണ്ഡപാണി ഉത്തരവ് റദ്ദാക്കി. ആദിവാസികളുടെ ക്ഷേമത്തിനായി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളിൽ മതിപ്പുളവാക്കുന്ന ഫാദർ സ്റ്റാനിന്റെ സ്മരണക്കായി തൂൺ നിർമിക്കാൻ ഹരജിക്കാരൻ തീരുമാനിച്ചുവെന്നും നിർമാണ സ്ഥലം സേത്തിയയുടെ സ്വകാര്യ സ്ഥലമാണെന്നും കോടതി പറഞ്ഞു. സ്റ്റാൻസ്വാമി തന്റെ ഗ്രാമത്തിലെ കർഷകരെ സുസ്ഥിര കൃഷിയും ജീവിതശൈലികളും പഠിപ്പിച്ചുവെന്നും രാജ്യത്തെ ആദിവാസി സമൂഹങ്ങളുടെ ക്ഷേമം സംരക്ഷിക്കുന്നതിനായി ആജീവനാന്തം പ്രവർത്തിച്ചിരുന്ന അദ്ദേഹം തന്റെ ഉപദേഷ്ടാവ് ആണെന്നും സേതിയ തന്റെ ഹരജിയിൽ പറഞ്ഞിരുന്നു.
‘ഒരാൾക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണം തെളിയിക്കപ്പെടാത്തപ്പോൾ, പ്രസ്തുത ആരോപണം അസാധുവാണ്. ഒരു പൊതു തത്ത്വമെന്ന നിലയിൽ പൗരന്മാർക്ക് അവരുടെ സ്വന്തം സ്വത്തിൽ പ്രതിമകൾ സ്ഥാപിക്കാനുള്ള അവകാശം നിയമം നൽകുന്നു. പ്രതിമ സ്ഥാപിക്കുന്നത് രണ്ട് സമുദായങ്ങൾ തമ്മിലോ ഒരു പ്രത്യേക സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിലോ സംഘർഷം ഉണ്ടാക്കരുത് എന്നതാണ് ഏക നിയന്ത്രണം. സ്വകാര്യ ഭൂമിയിൽ പ്രതിമ സ്ഥാപിക്കാൻ അനുമതി നൽകാൻ നിയമ തടസ്സമില്ല -ജസ്റ്റിസ് ദണ്ഡപാണി പറഞ്ഞു.
പ്രതിമയുടെ ചെലവ് താൻ വഹിക്കുമെന്ന് ഹരജിക്കാരൻ പ്രസ്താവിച്ചതിനാൽ മേൽപ്പറഞ്ഞ കാര്യത്തിന് അധികാരികളുടെ അനുമതി ആവശ്യമില്ലെന്നും സമാന വിഷയങ്ങളിൽ മദ്രാസ് ഹൈകോടതിയുടെ മുൻകാല തീരുമാനങ്ങൾ ശ്രദ്ധയിൽപ്പെടുത്തി ജസ്റ്റിസ് ദണ്ഡപാണി പറഞ്ഞു. സ്വാതന്ത്ര്യ സമര സേനാനികളുടെയും മറ്റ് ആദരണീയരായ വ്യക്തികളുടെയും പ്രതിമകൾ സ്വകാര്യ ഭൂമിയിൽ സ്ഥാപിക്കാൻ ഹരജിക്കാരെ അനുവദിക്കുന്നതും ഇതിലുൾപ്പെടുന്നു.
ഝാർഖണ്ഡിൽ താമസിച്ചിരുന്ന ജെസ്യൂട്ട് വൈദികനായ ഫാ. സ്റ്റാൻ സ്വാമി ഭീമ കൊറേഗാവ് കേസിലും നിരോധിത സി.പി.ഐ (മാവോയിസ്റ്റ്) യുമായുള്ള ബന്ധത്തിന്റെ പേരിലും 2020 ഒക്ടോബർ 8ന് തീവ്രവാദ വിരുദ്ധ നിയമമായ യു.എ.പി.എ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടു. അദ്ദേഹത്തിന്റെ അറസ്റ്റ് രാജ്യത്തിനകത്തും പുറത്തും വ്യാപകമായ അപലപനത്തിന് ഇടയാക്കുകയും ഭരണകൂടം സ്പോൺസർ ചെയ്ത പീഡന ആരോപണങ്ങളെ സാധൂകരിക്കുകയും ചെയ്തു. വയോധികനും രോഗബാധിതരുമായ ജെസ്യൂട്ട് വൈദികനോട് കാണിക്കുന്ന നിസ്സംഗതയും അടിസ്ഥാന മനുഷ്യാവകാശ നിഷേധവും എല്ലാം ചർച്ച ചെയ്യപ്പെട്ടു. പാർക്കിൻസൺസ് രോഗിയായതിനാൽ വെള്ളം കുടിക്കാൻ ഫാദറിന് സിപ്പറിനായി കോടതിയെ സമീപിക്കേണ്ടി വന്നു. മൂന്ന് തവണയെങ്കിലും കീഴ്‌ക്കോടതികളിലും ഒരു തവണ ബോംബെ ഹൈക്കോടതിയിലും ഫാ.സ്റ്റാൻ ജാമ്യാപേക്ഷ നൽകിയിരുന്നു. എന്നാൽ, 2021 ജൂലൈ 5ന് കോവിഡിന് ശേഷമുള്ള സങ്കീർണതകൾ മൂലം ഫാ. സ്റ്റാൻ മരിച്ചു.
ഭീമ കൊറേഗാവ് എൽഗർ പരിഷത്ത് കേസിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ച എൻ.ഐ.എ ഫാ. സ്റ്റാൻ ഒരു മാവോയിസ്റ്റ് കേഡർ ആണെന്നും അതിന്റെ പ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെട്ടിരുന്നു എന്നും ആരോപിച്ചിരുന്നു. എന്നാൽ, ബോസ്റ്റൺ ആസ്ഥാനമായുള്ള ആഴ്‌സനൽ കൺസൾട്ടിംഗ് എന്ന സ്ഥാപനത്തിന്റെ 2022ലെ പഠനത്തിൽ ഫാ. സ്റ്റാന്റെ കമ്പ്യൂട്ടറിൽ കെട്ടിച്ചമച്ച ‘തെളിവുകൾ’ പതിഞ്ഞതായി കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.