മുംബൈയിലും ബുൾഡോസർരാജ്: വീടുകളും കടകളും തകർത്തു -VIDEO

മുംബൈ: രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിനിടെ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉടലെടുത്ത മുംബൈ മീരാ റോഡിൽ ബി.ജെ.പി -ശിവസേന സർക്കാർ പൊലീസ് ഒത്താശയോടെ ബുൾഡോസർ ഉപയോഗിച്ച് വീടുകളും കടകളും തകർത്തു. അനധികൃത കൈയേറ്റമെന്നാരോപിച്ചാണ് ജില്ലാ ഭരണകൂടം നിരവധി കെട്ടിടങ്ങളും കുടിലുകളും ഇന്ന് തകർത്ത് തരിപ്പണമാക്കിയത്.

രാമക്ഷേത്ര ഉദ്ഘാടനത്തിന്റെ തലേന്ന് മീരാ റോഡിൽ വർഗീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. സംഭവത്തിൽ 13 പേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കെട്ടിടങ്ങൾ തകർത്തത്.

മുസ്‍ലിം ഭൂരിപക്ഷ മേഖലയിൽ 'ജയ് ശ്രീറാം' വിളിച്ച് പ്രകടനമായെത്തിയ ഹിന്ദുത്വസംഘമാണ് അക്രമത്തിന് തുടക്കമിട്ടത്. ഒരു മുസ്‍ലിം യുവാവിനെ വാഹനം തടഞ്ഞുനിർത്തി 'ജയ് ശ്രീറാം' വിളിക്കാൻ നിർബന്ധിച്ചതാണ് തുടക്കം. മുദ്രാവാക്യം വിളിച്ചിട്ടും ഇയാളെ മർദിക്കുകയും വാഹനത്തിന്റെ താക്കോൽ ഊരിയെടുക്കുകയും ചെയ്തു. തുടർന്ന് കാവിക്കൊടികളുമായെത്തിയ നൂറുകണക്കിന് പേരടങ്ങുന്ന സംഘം കടകളും വാഹനങ്ങളും തകർക്കുന്ന വിഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ഞായറാഴ്ച രാത്രി 11 മണിയോടെ മിരാ റോഡിലെ നയാ നഗർ പ്രദേശത്ത് വാഹനങ്ങളിലെത്തിയ ഹിന്ദുത്വപ്രവർത്തകർ മുദ്രാവാക്യം വിളിച്ചതോടെയാണ് സംഘർഷമുണ്ടായതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ജയന്ത് ബജ്ബലെ മാധ്യമങ്ങളോട് പറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമായതായും പ്രദേശത്ത് ഫ്ലാഗ് മാർച്ച് നടത്തിയതായും പൊലീസ് പറഞ്ഞു.

അതേസമയം, ഇത്തരം സംഭവങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും കർശന നടപടിക്ക് ഉത്തരവിട്ടിട്ടുണ്ടെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ലോക്കൽ പൊലീസ്, മുംബൈ പൊലീസ്, പാൽഘർ പൊലീസ്, താനെ റൂറൽ പൊലീസ്, ആർഎഎഫ് (റാപ്പിഡ് ആക്ഷൻ ഫോഴ്സ്), എംഎസ്എഫ് (മഹാരാഷ്ട്ര സുരക്ഷാ സേന), എസ്ആർപിഎഫ് എന്നീ സംഘത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

സമാധാനം നിലനിർത്താൻ അഡീഷണൽ പൊലീസ് കമ്മീഷണർ ശ്രീകാന്ത് പഥക് എല്ലാവരോടും അഭ്യർത്ഥിച്ചു. “പൊലീസ് സമയോചിതമായ നടപടി സ്വീകരിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വിശദമായ അന്വേഷണം നടത്തും’ -അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Maharashtra: Bulldozers raze houses on Mira Road after communal clashes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.