മുംബൈ: എൻ.സി.പിയിലെ പിളർപ്പിനുശേഷം സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികൾ ഹൈകമാൻഡിന് മുന്നിൽ വിവരിച്ച് മഹാരാഷ്ട്ര കോൺഗ്രസ്. ചൊവ്വാഴ്ച ഡൽഹി എ.ഐ.സി.സി ആസ്ഥാനത്ത് പാർട്ടി ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുമായായിരുന്നു ചർച്ച.
മഹാരാഷ്ട്ര പി.സി.സി അധ്യക്ഷൻ നാന പടോലെ, മുൻമുഖ്യമന്ത്രിമാരായ പൃഥ്വിരാജ് ചവാൻ, അശോക് ചവാൻ, സുശീൽകുമാർ ഷിൻഡെ, മുതിർന്ന നേതാവ് ബാല സാഹെബ് തോറാട്ട്, മഹാരാഷ്ട്രയുടെ ചുമതലയുളള എ.ഐ.സി.സി ജനറൽ സെക്രട്ടറി എച്ച്.കെ. പാട്ടീൽ എന്നിവരാണ് ചർച്ചക്കെത്തിയത്. എൻ.സി.പിയിലെ പിളർപ്പും വരാനിരിക്കുന്ന ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പിൽ അതുണ്ടാക്കാവുന്ന ഓളങ്ങളുമാണ് ചർച്ചയായതെന്ന് നടന പട്ടോലെ പറഞ്ഞു.
എൻ.സി.പിയിലെ പിളർപ്പിനുശേഷം പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഘാഡിയിലെ വലിയ ഒറ്റകക്ഷിയാണ് 45 എം.എൽ.എമാരുള്ള കോൺഗ്രസ്. മഹാരാഷ്ട്ര നിയമസഭ പ്രതിപക്ഷ നേതാവ് പദവി കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇത് ഹൈകമാൻഡുമായുള്ള ചർച്ചയിൽ വിഷയമായില്ലെന്ന് ബാലാ സാഹെബ് തോറാട്ട് പറഞ്ഞു.
അതേ സമയം, വനിത എം.എൽ.എയെ പ്രതിപക്ഷ നേതാവാക്കാനാണ് കോൺഗ്രസിൽ ആലോചന. മൃണാൾ ഗോറെക്ക് ശേഷം വനിത പ്രതിപക്ഷ നേതാവ് മഹാരാഷ്ട്രയിലുണ്ടായിട്ടില്ല. ‘വാഷിങ് മെഷീൻ’ ഉപയോഗിച്ച് ബി.ജെ.പി മഹാരാഷ്ട്രയുടെ ആത്മാഭിമാനത്തിന് ക്ഷതമേൽപിച്ചതായും അതിനു കോൺഗ്രസ് രാഷ്ട്രീയമായി മറുപടി നൽകുമെന്നും കൂടിക്കാഴ്ചക്കുശേഷം ഖാർഗെ ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.