മുംബൈ: മയക്കുമരുന്നു കേസിൽപെടുത്തി കോടികൾ തട്ടാൻ ആര്യൻ ഖാനെ ആസൂത്രിതമായി കപ്പൽ തുറമുഖത്ത് എത്തിച്ചതാണെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്. കോൺഗ്രസ് നേതാവായ മന്ത്രി അസ്ലം ശൈഖിനെയും മറ്റ് മന്ത്രിമാരുടെ ബന്ധുക്കളെയും കുടുക്കാൻ ശ്രമിച്ചെന്നും മാലിക് ആരോപിച്ചു. എൻ.സി.ബി സോണൽ ഡയറക്ടർ സമീർ വാങ്കഡെ, ബി.ജെ.പി നേതാവ് മോഹിത് കംബോജ് എന്നിവരാണ് മുഖ്യ ആസൂത്രകർ. ബി.ജെ.പി നേതാവ് മനീഷ് ഭാനുസാലി, ഗോസാവി, സുനിൽ പാട്ടീൽ തുടങ്ങിയവർ മാസങ്ങളോളം ഹോട്ടലുകളിൽ തങ്ങി ആസൂത്രണം ചെയ്താണ് ഇതു നടപ്പാക്കിയത്.
ആര്യനെ തുറമുഖത്തെത്തിച്ചത് മോഹിത് കംബോജിെൻറ ബന്ധു റിഷഭ് സച്ദേവ്, പ്രതീക് ഗാബ, അമീർ ഫർണിച്ചർവാല എന്നിവരാണ്. ഇത് യഥാർഥത്തിൽ 'കിഡ്നാപ്പാ'ണ്. സമീർ വാങ്കഡെ, വി.വി. സിങ്, എ. രഞ്ജൻ, ഡ്രൈവർ മാനേ എന്നിവരാണ് എൻ.സി.ബി കാര്യാലയത്തിൽ പണം തട്ടുന്ന റാക്കറ്റ് നടത്തുന്നത്. ഒക്ടോബർ ഏഴിന് ഓശിവാരയിലെ ഖബർസ്ഥാൻ പരിസരത്തു വെച്ച് സമീർ വാങ്കഡെയും മോഹിത് കംബോജും കൂടിക്കാഴ്ച നടത്തി. അന്നാണ് പൊലീസ് നിരീക്ഷണം ഭയന്ന് തന്നെ ആരോ പിന്തുടരുന്നതായി വാങ്കഡെ പരാതിപ്പെട്ടത്. പോരാട്ടം എൻ.സി. ബിക്കോ ബി.ജെ.പിക്കോ എതിരല്ല. മാഫിയയെ പിന്തുണക്കുകയും നിരപരാധികളെ കുടുക്കുകയും ചെയ്യുന്നവർക്കെതിരെയാണ്.
നിരപരാധികളെ കള്ളക്കേസിൽ കുടുക്കി നേടിയ പണത്തിെൻറ വിഹിതം ഹവാല മാർഗം ഡൽഹിക്ക് അയച്ചതായും അതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്നും മാലിക് പറഞ്ഞു. വാങ്കഡെ, മോഹിത് കംേബാജ് ബന്ധത്തിന് വിഡിയോ തെളിവും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഹോട്ടലുകളിൽ തങ്ങി മയക്കുമരുന്ന് കേസ് ആസൂത്രണം ചെയ്തതായി ആരോപിക്കപ്പെട്ട സുനിൽ പാട്ടീൽ മുംബൈ പൊലീസിന് മുമ്പാകെ ഹാജരായി. ഭാനുശാലിയാണ് മുഖ്യ സൂത്രധാരനെന്ന് പൊലീസിൽ ഹാജരാകും മുമ്പ് സുനിൽ പാട്ടീൽ മാധ്യമങ്ങളോട് പറഞ്ഞു. ഭാനുശാലി തന്നെ ഡൽഹിയിൽ വിളിച്ചുവരുത്തി മർദിക്കുകയും എന്തെങ്കിലും വെളിപ്പെടുത്തിയാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പാട്ടീൽ ആരോപിച്ചു.
നവാബ് മാലിക്കിെൻറ ആരോപണങ്ങൾ സമീർ വാങ്കഡെയും മോഹിത് കംബോജും നിഷേധിച്ചു. ഇതിനിടെ, മാലിക്കിനെതിരെ സമീർ വാങ്കഡെയുടെ പിതാവ് ധ്യാൻദേവ് വാങ്കഡെ 1.25 കോടിയുടെ മാനഹാനി ഹരജിയുമായി ബോംബെ ഹൈകോടതിയെ സമീപിച്ചു. കുടുംബവുമായി ബന്ധപ്പെട്ട മാലിക്കിെൻറ സമൂഹമാധ്യമ പോസ്റ്റുകൾ നീക്കം ചെയ്യണം, പരസ്യ പ്രസ്താവന നടത്തുന്നത് വിലക്കണം എന്നീ ആവശ്യങ്ങളും ഹരജിയിൽ ഉന്നയിച്ചിട്ടുണ്ട്.
ആര്യൻ ഖാൻ അറസ്റ്റിലായ ആഡംബര കപ്പലിലെ മയക്കുമരുന്നു കേസിൽ വിവാദസാക്ഷി പ്രഭാകർ സായിലിന് എൻ.സി.ബി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സഞ്ജയ് സിങ്ങിെൻറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിെൻറ (എസ്.െഎ.ടി) സമൻസ്.
തിങ്കളാഴ്ച ഹാജരാകാനാണ് ആവശ്യപ്പെട്ടത്. പ്രഭാകർ സായിലിെൻറ വെളിപ്പെടുത്തലിനെത്തുടർന്നാണ് കോഴ വിവാദം ഉടലെടുത്തത്. ആര്യനെ രക്ഷിക്കാൻ ഷാറൂഖ് ഖാെൻറ മാനേജർ പൂജ ദദ്ലാനിയോട് 18 കോടി ആവശ്യപ്പെട്ടെന്നും 50 ലക്ഷം കൈമാറിയെന്നുമാണ് സായിലിെൻറ വെളിപ്പെടുത്തൽ. കേസിൽ സാക്ഷിമൊഴിക്കായി വെള്ളക്കടലാസുകളിൽ എൻ.സി.ബി സോണൽ ഡയറക്ടർ സമീർ വാങ്കഡെ ഒപ്പിടുവിച്ചെന്നും സായിൽ ആരോപിച്ചിരുന്നു.
നേരത്തെ കോഴ വിവാദം അന്വേഷിക്കാനെത്തിയ എൻ.സി.ബി സംഘം സമൻസയച്ചെങ്കിലും സായിൽ ഹാജരായിരുന്നില്ല. സായിലിനു പുറമെ ആര്യൻ ഖാൻ, പൂജ ദദ്ലാനി എന്നിവരെയും ഉടൻ വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നാണ് സൂചന. കോഴ, വ്യാജ ജാതി സർട്ടിഫിക്കറ്റ് വിവാദങ്ങളെ തുടർന്ന് ആര്യൻ ഖാൻ കേസടക്കം ആറു കേസുകളുടെ അന്വേഷണ ചുമതലയിൽ നിന്ന് സമീർ വാങ്കഡെയെ നീക്കി എസ്.െഎ.ടിയെ ഏൽപിക്കുകയായിരുന്നു. അതേസമയം, നവാബ് മാലിക്കിെൻറ മരുമകൻ സമീർ ഖാനും ഹാജരാകാൻ ആവശ്യപ്പെട്ട് എസ്.ഐ.ടി. സമൻസ് അയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.