അമിത്​ ഷായുമായുള്ള രഹസ്യ ചർച്ച: നിഷേധിച്ച് ജയന്ത്​ പാട്ടീൽ​; ‘കിംവദന്തികൾ പ്രചരിപ്പിച്ചവർ തെളിവ്​ ഹാജരാക്കണം’

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയെന്ന പ്രചരണം നിഷേധിച്ച്​ എൻ.സി.പി നേതാവും ശരദ് പവാറിന്റെ വിശ്വസ്തനുമായ ജയന്ത് പാട്ടീൽ. എൻ.സി.പി മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്റായ ജയന്ത് പാട്ടീൽ ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹങ്ങളും മുംബൈയിൽ വ്യാപകമായി പ്രചരിച്ചിരുന്നു​. ശരദ്​ പവാറും ബി.ജെ.പിയും തമ്മിലുള്ള ചർച്ചകളിൽ അജിത് പവാർ മധ്യസ്ഥനാകുമെന്നും പ്രചരണമുണ്ടായിരുന്നു. ഇതെല്ലാം നിഷേധിച്ച്​ രംഗത്ത്​ എത്തിയിരിക്കുകയാണ്​ ഇപ്പോൾ ജയന്ത്​ പാട്ടീൽ.

ശനിയാഴ്ച വൈകുന്നേരം താൻ എൻ.സി.പി തലവൻ ശരദ് പവാറിനൊപ്പമായിരുന്നുവെന്നും പിന്നീട് മുതിർന്ന സഹപ്രവർത്തകരായ അനിൽ ദേശ്മുഖ്, രാജേഷ് ടോപെ, സുനിൽ ഭൂസാര എന്നിവരെ കണ്ടെന്നും പാട്ടീൽ പറഞ്ഞു. ‘ഈ കിംവദന്തികൾ പ്രചരിപ്പിച്ചവർ ഞാൻ ഷായെ പുണെയിൽ ഏത് സമയത്താണ് കണ്ടതെന്ന് മറുപടി പറയുകയും തെളിവ് കാണിക്കുകയും വേണം. ഞാൻ എപ്പോഴും ശരദ് പവാറിനൊപ്പമാണ്. ഇത്തരം ഊഹാപോഹങ്ങൾ അവസാനിപ്പിക്കണം’ -ജയന്ത് പാട്ടീൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പൂനെയിലെ സെൻട്രൽ രജിസ്ട്രാർ ഓഫ് കോഓപ്പറേറ്റീവ് സൊസൈറ്റീസ് ഓഫീസിന്റെ ഡിജിറ്റൽ പോർട്ടൽ ഞായറാഴ്ച അമിത് ഷാ ഉദ്ഘാടനം ചെയ്തിരുന്നു. ഈ സമയമാണ്​ ജയന്ത്​ പാട്ടീൽ അദ്ദേഹത്തെ സന്ദർശിച്ചതെന്നാണ്​ ബി.ജെ.പി പ്രചരിപ്പിച്ചത്​. പക്ഷം മാറാൻ തന്റെ മേൽ സമ്മർദ്ദമില്ലെന്നും ആരുമായും ചർച്ച നടത്തിയിട്ടില്ലെന്നും പാട്ടീൽ പറഞ്ഞു. ‘മുംബൈയിൽ നടന്ന ഇന്ത്യാ കോൺക്ലേവ് സംഘടിപ്പിക്കുന്നതിനുള്ള യോഗത്തിൽ (ശനിയാഴ്ച) ഞാൻ പങ്കെടുത്തിരുന്നു. ഞാൻ സംഘാടക സമിതിയുടെ ഭാഗമാണ്. അതിനാൽ ഇത്തരം ഊഹാപോഹങ്ങൾ വരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാണ്’ -എൻ.‌സി.‌പി നേതാവ് കൂട്ടിച്ചേർത്തു.

നേരത്തേ ജയന്ത്​ പാട്ടീലിനെ ഇ.ഡി വേട്ടയാടുന്നതായി എൻ.സി.പി ആരോപണം ഉന്നയിച്ചിരുന്നു. ഇൻഫ്രാസ്ട്രക്ചർ ലീസിങ് ആൻഡ് ഫിനാൻഷ്യൽ സർവീസസ് (ഐ.എൽ. ആൻഡ് എഫ്.എസ്.) എന്ന കമ്പനിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽക്കേസിൽ ജയന്ത് പാട്ടീലിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പലതവണ നോട്ടീസയച്ചിരുന്നു.

എം.എൻ.എസ് നേതാവ് രാജ് താക്കറെയുമായി ബന്ധമുള്ള കോഹിനൂർ സെൻട്രലിന് മതിയായ ഈടില്ലാതെ ഐ.എൽ. ആൻഡ് എഫ്.എസ്. വായ്പ നൽകിയതിൽ ജയന്ത് പാട്ടീലിനുള്ള പങ്കാണ് ഇ.ഡി. അന്വേഷിക്കുന്നത്. എന്നാൽ തനിക്ക് ഈ കമ്പനിയുമായി ബന്ധമില്ലെന്നും താൻ ഇവിടെനിന്ന് വായ്പയെടുത്തിട്ടില്ലെന്നും പറഞ്ഞ പാട്ടീൽ ഇ.ഡി. എന്തിനാണ് നോട്ടീസ് അയക്കുന്നതെന്ന് ഈ രാജ്യത്തുള്ള എല്ലാവർക്കും അറിയാമെന്നുമായിരുന്നു അന്ന്​ പ്രതികരിച്ചത്​.

മഹാരാഷ്ട്രയിലെ ഇസ്ലാംപുരിൽനിന്നുള്ള എം.എൽ.എ.യാണ് ജയന്ത്​ പാട്ടീൽ. 61-കാരനായ മുൻമന്ത്രികൂടിയായ അദ്ദേഹം ഏഴുതവണ എം.എൽ.എ.യായിട്ടുണ്ട്.

Tags:    
News Summary - Maharashtra: Senior NCP leader Jayant Patil denies having 'secret' meeting with Amit Shah in Pune

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.