ജിദ്ദ: 78-മത് ഇന്ത്യൻ സ്വാതന്ത്ര്യദിനം ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ വിപുലമായി ആഘോഷിച്ചു. കോൺസുലേറ്റ് അങ്കണത്തിൽ രാവിലെ 7.15 ന് നടന്ന ചടങ്ങിൽ പുതുതായി ചുമതലയേറ്റെടുത്ത കോണ്‍സുല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരി ദേശീയ പതാക ഉയര്‍ത്തി. തുടർന്ന് 77 വർഷത്തെ രാഷ്ട്രത്തിൻ്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്ന രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം അദ്ദേഹം സദസ്സിന് വായിച്ചു കേള്‍പ്പിച്ചു.
ഇന്ത്യ-സൗദി ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഇന്ത്യയുടെ ഹജ്ജ് ഓപ്പറേഷനിലും കോൺസുലേറ്റിൻ്റെ അധികാരപരിധിയിലുള്ള ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിനായുള്ള കോൺസുലേറ്റിൻ്റെ ശ്രമങ്ങളിലും സൗദി അധികാരികൾ നൽകിയ വിലമതിക്കാനാവാത്ത പിന്തുണക്ക് കോണ്‍സുല്‍ ജനറല്‍ നന്ദി രേഖപ്പെടുത്തി. സുദൃഢമായ ഇന്ത്യ-സൗദി ഉഭയകക്ഷി ബന്ധത്തിൻ്റെ പ്രാധാന്യവും ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ദീഘകാല ബന്ധവും അദ്ദേഹം ഊന്നിപ്പറഞ്ഞു.
കോൺസുലാർ സേവന വിതരണ സംവിധാനം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള നീക്കത്തിൽ, കോൺസുലേറ്റ് സേവനങ്ങൾക്കായി ഒരു പുതിയ ഫീഡ്‌ബാക്ക് സംവിധാനം ഉടൻ ആരംഭിക്കുമെന്നും കമ്മ്യൂണിറ്റി അംഗങ്ങളെ അവരുടെ അനുഭവങ്ങളും നിർദ്ദേശങ്ങളും പങ്കിടാൻ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. അവരുടെ ആശങ്കകൾ പരിഹരിക്കുന്നതിനും കോൺസുലേറ്റുമായുള്ള മൊത്തത്തിലുള്ള ഇടപഴകൽ മെച്ചപ്പെടുത്തുന്നതിനുമുള്ള തൻ്റെ സമർപ്പണം അദ്ദേഹം ഇന്ത്യൻ സമൂഹത്തിന് ഉറപ്പുനൽകി.
ഇന്ത്യയെക്കുറിച്ചും കോൺസുലേറ്റിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ഇന്ത്യൻ വിദ്യാർത്ഥികളിൽ അവബോധമുണ്ടാക്കുന്നതിനായും, ഇന്ത്യൻ സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായും പ്രത്യേകം പദ്ധതികൾ ആവിഷ്കരിച്ചതായി കോൺസുൽ ജനറൽ അറിയിച്ചു.
ജിദ്ദ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂൾ വിദ്യാര്‍ത്ഥിനികള്‍ ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചു. മറ്റു കോൺസൽമാർ, കോൺസുലേറ്റ് ഉദ്യോഗസ്ഥർ, സാമൂഹിക പ്രവർത്തകർ, മാധ്യമ പ്രതിനിധികൾ എന്നിവരോടൊപ്പം സ്ത്രീകളും കുട്ടികളുമുൾപ്പെടെ ഇന്ത്യൻ സമൂഹത്തിൽ നിന്നുള്ള നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.