നിങ്ങൾക്ക് ചവയ്ക്കാൻ കഴിയുന്നതിനേക്കാൾ കൂടുതൽ കടിക്കരുത്; പാലിക്കാൻ കഴിയാത്ത വാഗ്ദാനങ്ങൾ നൽകാതിരിക്കുക- കർണാടക സർക്കാറിന് ഖാർഗെയുടെ മുന്നറിയിപ്പ്

ബംഗളൂരു: കർണാടക നിയമസഭ ​തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസിന്റെ പ്രകടനപത്രികയിൽ പല വാഗ്ദാനങ്ങളും ഇടംപിടിച്ചിരുന്നു. ബി.ജെ.പിയിൽ നിന്ന് ഭരണം പിടിച്ചപ്പോൾ അതൊക്കെ നടപ്പാക്കാനും കോൺഗ്രസ് സർക്കാർ ആർജവം കാണിച്ചു. എന്നാൽ പ്രധാന വാഗ്ദാനങ്ങളിലൊന്നിനെ കുറിച്ച് പുനഃപരിശോധിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. അതിനെതിരെ ശക്തമായ താക്കീതുമായി വന്നിരിക്കുകയാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.

നിങ്ങൾക്ക് ചവയ്ക്കാൻ കഴിയുന്നതിനേക്കാൾ കൂടുതൽ കടിക്കരുത് എന്നായിരുന്നു ഖാർഗെയുടെ മുന്നറിയിപ്പ്. പാലിക്കാൻ കഴിയാത്ത വാഗ്ദാനങ്ങൾക്ക് മുതിരരുത് എന്നാണ് ഇതിന്റെ അർഥം.

തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ നിൽക്കുന്ന ഝാർഖണ്ഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങൾക്കും താക്കീതാണ് ഖാർഗെയുടെ വാക്കുകൾ. അവരവരുടെ സാമ്പത്തിക നിലക്കനുസരിച്ചുള്ള വാഗ്ദാനങ്ങൾ മാത്രം നൽകിയാൽ പിന്നീട് ദുഃഖിക്കേണ്ടി വരില്ല എന്നാണ് സംസ്ഥാനങ്ങൾക്ക് ഖാർഗെ നൽകിയ താക്കീതും.

​''കർണാടകയിൽ നിങ്ങൾ അഞ്ച് ഉറപ്പുകൾ ജനങ്ങൾക്ക് നൽകി. നിങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഞങ്ങൾ മഹാരാഷ്ട്രയിലും അഞ്ച് വാഗ്ദാനങ്ങൾ നൽകി. ആ ഉറപ്പുകളിലൊന്ന് പിൻവലിക്കാൻ പോവുകയാണെന്ന് ഇന്ന് നിങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്. നിങ്ങളാരും പത്രങ്ങളൊന്നും വായിക്കാറില്ലെന്നും തോന്നുന്നു. ഞാനത് കൃത്യമായി വായിക്കുന്നത് കൊണ്ടാണ് ഇക്കാര്യം ഉറപ്പിച്ചു പറയാൻ സാധിക്കുന്നത്.​''-വാർത്ത സമ്മേളനത്തിനിടെ ഖാർഗെ പറഞ്ഞു.

ശക്തി പദ്ധതി സംസ്ഥാന സർക്കാർ പുനഃപരിശോധിക്കുമെന്നാണ് ബുധനാഴ്ച ശിവകുമാർ പ്രഖ്യാപിച്ചത്. കർണാടകയിലെ സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാൻ സൗകര്യം നൽകുന്ന പദ്ധതിയാണിത്.

എല്ലാഘടകങ്ങളും കൃത്യമായി പരിശോധിച്ച് മാത്രമേ പദ്ധതി പിൻവലിക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ പാടുള്ളൂവെന്നും ഖാർഗെ കർണാടക സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു ആസൂത്രണവുമില്ലാത്ത പദ്ധതികൾ തുടങ്ങുന്നത് സാമ്പത്തിക ബാധ്യതയും കടക്കെണിയും ഭാവി തലമുറക്ക് വലിയ ബാധ്യതയും വരുത്തിവെക്കുമെന്നും ഖാർഗെ ഓർമിപ്പിച്ചു. അതുപോലെ വാഗ്ദാനങ്ങളിൽ നിന്ന് സർക്കാറുകൾ പിന്നാക്കം പോയാൽ അത് അപകീർത്തിക്ക് കാരണമാവുകയും ചെയ്യും. അതിനാൽ മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാക്കളോട് പറയാനുള്ളത് ഒരേയൊരു കാര്യമാണ്. നിങ്ങൾ അഞ്ചും ആറും ഏഴും എട്ടും വാഗ്ദാനങ്ങൾ ജനങ്ങൾക്ക് മുന്നിൽ വേക്കേണ്ടതില്ല. അതിനു പകരം, നിങ്ങളുടെ ബജറ്റിന് അനുസരിച്ചുള്ള വാഗ്ദാനങ്ങൾ മുന്നോട്ടുവെക്കുക. സർക്കാർ പരാജയപ്പെട്ടാൽ അത് ഭാവിതലമുറയെ ബാധിക്കും. സർക്കാറിന് വലിയ അപകീർത്തിയുണ്ടാകും. അടുത്ത 10 വർഷത്തേക്ക് വരെ അധികാരത്തിൽ തിരിച്ചെത്താൻ കഴിയാത്ത സാഹചര്യം പോലുമുണ്ടാകും. നിങ്ങളുടെ നടപടി ബി.ജെ.പിക്ക് കിട്ടുന്ന അവസരം കൂടിയാണ്.-ഖാർഗെ പറഞ്ഞു. ​

കോൺഗ്രസ് അധ്യക്ഷന്റെ വിമർശനത്തെ കുറിച്ച് ചോദിച്ചപ്പോൾ, പദ്ധതി പിൻവലിക്കുമെന്നല്ല, പുനഃപരിശോധിക്കുമെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂവെന്നായിരുന്നു ശിവകുമാറിന്റെ മറുപടി. ജനങ്ങൾക്ക് പൊള്ളയായ വാഗ്ദാനങ്ങൾ നൽകുന്നതിന് രാഹുൽ ഗാന്ധിയും ഖാർഗെയും ക്ഷമ പറയണമെന്നായിരുന്നു ശിവകുമാറിന്റെ പരാമർശത്തിൽ ബി.ജെ.പിയുടെ ആവശ്യം.

Tags:    
News Summary - Make poll promises you can keep: Congress chief raps Karnataka, cautions states

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.