ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തെതുടർന്നുള്ള പ്രതിഷേധങ്ങൾ കണക്കിലെടുത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്ന സമയത്ത് മംഗളൂരുവിൽ പഠിക്കുന്ന മലയാളി വിദ്യാർഥികളെ പ്രത്യേകം നിരീക്ഷിക്കാൻ നിർദേശിച്ചുകൊണ്ടുള്ള കർണാടക സർക്കാറിെൻറ ഉത്തരവ് വിവാദമാകുന്നു.
മംഗളൂരുവിൽ ഡിസംബർ 19ന് പൊലീസ് വെടിവെപ്പുണ്ടാകുന്നതിന് തലേ ദിവസമാണ് ഡെപ്യൂട്ടി കമീഷണറുടെ അറിവോടെ, ദക്ഷിണ കന്നട കൊളീജിയറ്റ് എജുക്കേഷൻ ജോയൻറ് ഡയറക്ടർ സർക്കുലർ പുറത്തിറക്കിയത്. കേരളത്തിൽനിന്നുള്ള വിദ്യാർഥികളെ നിരീക്ഷിക്കണമെന്നും അക്രമം നടത്തുന്ന വിദ്യാർഥികൾക്കെതിരെ നടപടിയെടുക്കണമെന്നുമാണ് ദക്ഷിണ കന്നടയിലെ കോളജ് മേധാവികൾക്ക് നിർദേശം നൽകിയത്.
കേരളത്തിൽ നിന്നുള്ള വിദ്യാർഥികളുടെ സുരക്ഷ കണക്കിലെടുത്താണ് അത്തരമൊരു നിർദേശം നൽകിയതെന്നാണ് ഡെപ്യൂട്ടി കമീഷണർ വിശദീകരിച്ചത്. മുൻകരുതൽ എന്ന നിലയിലാണ് അത്തരമൊരു നിർദേശം നൽകിയതെന്ന് ഉപമുഖ്യമന്ത്രി സി.എൻ. അശ്വത് നാരായണും പറഞ്ഞിരുന്നു.
എന്നാൽ, കർണാടകയുടെ വിദ്യാഭ്യാസ ഹബ്ബായ മംഗളൂരുവിൽ ഒരുവിഭാഗം വിദ്യാർഥികളെ മാത്രം നിരീക്ഷിക്കാനിറക്കിയ ഉത്തരവ് മോശം പ്രതിച്ഛായ ഉണ്ടാക്കുമെന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യാർഥികൾ കുറയാൻ കാരണമാകുമെന്നുമാണ് വിദ്യാഭ്യാസ വിദഗ്ധർ പറയുന്നത്. സർക്കുലർ വിഷയം അടുത്ത നിയമസഭ സമ്മേളനത്തിൽ ഉന്നയിക്കുമെന്നും കോൺഗ്രസ് എം.എൽ.സി ഐവാൻ ഡിസൂസ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.