ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ‘എക്സ്’ കുറിപ്പ്. വോട്ടെടുപ്പിന്റെ മൂന്ന് ഘട്ടങ്ങൾ കഴിഞ്ഞപ്പോൾ മോദിയുടെ കസേര ഇളകിത്തുടങ്ങിയെന്നാണ് മനസ്സിലാകുന്നതെന്നും അതുകൊണ്ടാണ് അദ്ദേഹം സ്വന്തം ‘കൂട്ടുകാർ’ക്കെതിരെപ്പോലും തിരിയുന്നതെന്നും സമൂഹമാധ്യമമായ ‘എക്സി’ൽ ഹിന്ദിയിലെഴുതിയ കുറിപ്പിൽ വിമർശിച്ചു.
തെലങ്കാനയിൽ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ ഗാന്ധിയെ വിമർശിക്കവെ, എന്തുകൊണ്ട് ‘ഷെഹ്സാദ’ (രാഹുലിനെ അദ്ദേഹം സംബോധന ചെയ്തത്) ഇപ്പോൾ ‘അദാനി-അംബാനി’ വിഷയം ഉയർത്താത്തതെന്നും അവരുമായി എന്തെങ്കിലും ധാരണയുണ്ടായോ എന്നും ചോദിച്ചിരുന്നു. പ്രചാരണത്തിൽ സ്വന്തം കൂട്ടുകാർക്കെതിരെപോലും മോദി തിരിയണമെങ്കിൽ തെരഞ്ഞെടുപ്പ് ട്രെൻഡ് എങ്ങോട്ടാണെന്ന് വ്യക്തമാണെന്നും ഖാർഗെ പറഞ്ഞു. ‘കാലം മാറി. സുഹൃത്തുക്കൾ എല്ലായ്പോഴും സുഹൃത്തുക്കളായിക്കൊള്ളണ്ണമെന്നില്ല. ഇപ്പോൾ സ്വന്തം കൂട്ടുകാരെ അദ്ദേഹം ആക്രമിക്കണമെങ്കിൽ അതിനർഥം ആ കസേര ഇളകിത്തുടങ്ങിയെന്നുതന്നെയാണ്’- ഖാർഗെ കുറിച്ചു.
തെലങ്കാന പ്രസംഗത്തിനെതിരെ ജയ്റാം രമേശും രംഗത്തെത്തി. മോദിക്ക് ഇപ്പോൾ അദ്ദേഹത്തിന്റെ നിഴലിനെപ്പോലും ഭയമാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. സ്വന്തം നിഴലിന്റെ പശ്ചാത്തലത്തിലുള്ള മോദി ചിത്രത്തോടൊപ്പമായിരുന്നു പോസ്റ്റ്. 8200 കോടി ഇലക്ടറൽ ബോണ്ട് വാങ്ങിയ ഒരു പാർട്ടിയുടെ നേതാവ് അതേ ആരോപണം മറ്റുള്ളവർക്കുനേരെ ഉന്നയിക്കുന്നത് പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗങ്ങളിൽ വിശദീകരണം തേടി നോട്ടീസ് നൽകാൻ തെരഞ്ഞെടുപ്പ് കമീഷനോട് നിർദേശിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി മദ്രാസ് ഹൈകോടതിയെ സമീപിച്ചു. പി.സി.സി അധ്യക്ഷൻ കെ. ശെൽവപെരുന്തകൈ എം.എൽ.എയാണ് ഹരജി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.