തെരഞ്ഞെടുപ്പ് കമീഷൻ ഭീഷണിപ്പെടുത്തുകയാണ്; നേരിട്ട് നൽകിയ പരാതികളിൽ നടപടിയില്ലെന്ന് ഖാർഗെ

ന്യൂഡൽഹി: വോട്ടിങ് കണക്കുകളിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി ഇൻഡ്യ സഖ്യത്തിലെ നേതാക്കൾക്ക് കത്തയച്ചതിനെ വിമർശിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. നേരിട്ട് നൽകിയ പരാതികളിൽ തെരഞ്ഞെടുപ്പ് കമീഷന് നടപടി സ്വീകരിക്കുന്നില്ലെന്നും തെരഞ്ഞെടുപ്പ് കമീഷൻ ഭീഷണിപ്പെടുത്തുകയാണെന്നും ഖാർഗെ കുറ്റപ്പെടുത്തി.

അതേസമയം, സഖ്യകക്ഷികളായ ചെറിയ പാർട്ടി നേതാക്കൾക്ക് താനയച്ച കത്തിനോട് കമീഷൻ ഉടനടി പ്രതികരിച്ചത് അത്ഭുതപ്പെടുത്തി. കമീഷന്‍റെ കത്തിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷയിൽ തനിക്ക് അഭിപ്രായ വ്യത്യാസമുണ്ട്. അവർ ചെയ്യുന്ന ജോലിയുടെ സമ്മർദം മനസിലാക്കി കൂടുതൽ പ്രതികരിക്കുന്നില്ല.

ഭരണഘടന പ്രകാരം സുഗമവും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്താൻ കമീഷന് അധികാരമുണ്ടെന്ന് കമീഷൻ തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ട്. തെരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്ന തരത്തിലുള്ള ഭരണകക്ഷി നേതാക്കളുടെ വർഗീയ പരാമർശങ്ങളിൽ നടപടി സ്വീകരിക്കുന്നതിൽ കമീഷൻ കാണിക്കുന്ന അലംഭാവം ദുരൂഹമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആശയക്കുഴപ്പം പരത്താനുള്ള ബോധപൂർവമായ ശ്രമമാണ് ഖാർഗെയുടേതെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ കുറ്റപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് കമീഷന്‍റെ വിശ്വാസ്യത എക്കാലത്തെയും താഴ്ന്ന നിലയിലാണെന്നും ഖാർഗെ സൂചിപ്പിച്ചിരുന്നു. സ്വതന്ത്രവും നീതിയുക്തവുമായ വോട്ടെടുപ്പ് നടത്തുന്നതിൽ ആശയക്കുഴപ്പവും തടസങ്ങളും സൃഷ്ടിക്കാനും വഴിത്തെറ്റിക്കാനും കോൺഗ്രസ് അധ്യക്ഷൻ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് കമീഷൻ വ്യക്തമാക്കി. ഖാർഗെയുടെ കത്ത് രാഷ്ട്രീയ സഖ്യത്തിനുള്ളിലെ ആഭ്യന്തര കത്തിടപാടുകളുടെ രൂപത്തിലാണെന്നും എന്നിട്ടും അദ്ദേഹം അത് പരസ്യപ്പെടുത്തിയെന്നും തെരഞ്ഞെടുപ്പ് കമീഷൻ പറഞ്ഞു.

വോട്ടെടുപ്പ് ദിനത്തിൽ പുറത്തുവിട്ട കണക്കുകളേക്കാൾ അഞ്ചു ശതമാനത്തിലധികം വർധനയാണ് കമീഷൻ പുറത്തുവിട്ട അന്തിമ പോളിങ് കണക്കുകളിലുള്ളത്. ആദ്യഘട്ട വോട്ടെടുപ്പിൽ പോളിങ് ദിനത്തിൽ പുറത്തുവിട്ട കണക്കുകളേക്കാൾ 5.5 ശതമാനത്തിന്‍റെയും രണ്ടാംഘട്ടത്തിൽ 5.74 ശതമാനത്തിന്‍റെയും വർധനയാണ് അന്തിമ കണക്കുകളിലുള്ളതെന്നും ഖാർഗെയുടെ കത്തിൽ പറഞ്ഞിരുന്നു. എന്നാൽ, പോളിങ് കണക്കുകൾ പുറത്തുവിടുന്നതിൽ കാലതാമസം ഉണ്ടായിട്ടില്ലെന്നും പോളിങ് ദിനത്തിൽ പുറത്തുവിടുന്ന ശതമാനത്തേക്കാൾ കൂടുതലായിരിക്കും അന്തിമ കണക്കുകളെന്നും കമീഷൻ വ്യക്തമാക്കി. 2019ലെ കണക്കുകളും ഇതിനൊപ്പം പ്രസിദ്ധീകരിച്ചാണ് കമീഷൻ തങ്ങളുടെ വാദത്തിൽ ഉറച്ചുനിൽക്കുന്നത്.

Tags:    
News Summary - Mallikarjun Kharge that the commission did not take action on the complaints made directly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.