കൊൽകത്ത: സനാതന ധർമ വിവാദത്തിൽ ഉദയനിധി സ്റ്റാലിനെതിരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്ത്. ഉദയനിധി ജൂനിയറായതുകൊണ്ട് കാര്യങ്ങൾ അറിയില്ലായിരിക്കാമെന്നും താനും സാനതന ധർമ വിശ്വാസിയാണെന്നും മമത പറഞ്ഞു. ഒരു മതവിശ്വാസത്തെയും മുറിവേൽപിക്കരുതെന്നും മമത പറഞ്ഞു. ശിവസേന ഉദ്ധവ് വിഭാഗവും ഉദയനിധി സ്റ്റാലിന്റെ പരാമർശത്തിൽ എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.
എല്ലാ മതങ്ങൾക്കും വെവ്വേറെ വികാരങ്ങളുണ്ട്. ഇന്ത്യ എന്നാൽ നാനാത്വത്തിൽ ഏകത്വമാണ്. ഒരു വിഭാഗം ആളുകളെ വേദനിപ്പിക്കുന്ന ഒരു കാര്യത്തിലും നമ്മൾ ഇടപെടരുത്. ഞാൻ സനാതന ധർമത്തെ ബഹുമാനിക്കുന്നു. ചിലപ്പോൾ അദ്ദേഹം ജൂനിയറായതുകൊണ്ട് കാര്യങ്ങൾ അറിയില്ലായിരിക്കും -മമത പറഞ്ഞു.
കോവിഡും മലമ്പനിയും മറ്റും പരത്തുന്ന വൈറസുകളെപ്പോലെ തകർത്തുകളയേണ്ട ഒന്നാണ് സനാതനമെന്നാണ് തമിഴ്നാട് യുവജനക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിൻ പറഞ്ഞത്. ചെന്നൈയിൽ തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് അസോസിയേഷന്റെ പരിപാടിയിലാണ് ‘സനാതന’ത്തെയും ദ്രാവിഡ സംസ്കാരത്തെയും താരതമ്യം ചെയ്ത് ഉദയനിധി സംസാരിച്ചത്.
‘‘സനാതനമെന്നാൽ എന്താണ്? സംസ്കൃതത്തിൽ മാത്രമാണ് അതുള്ളത്. അത് സാമൂഹികനീതിക്കും സമത്വത്തിനും എതിരാണ്. ഏതു ജാതിയിൽപെട്ടവർക്കും ക്ഷേത്രത്തിൽ പൂജാരികളാകാമെന്ന നിയമം കൊണ്ടുവന്നത് നമ്മുടെ കലൈഞ്ജർ (കരുണാനിധി) ആണ്. പൂജാകർമങ്ങളിൽ പരിശീലനം പൂർത്തിയാക്കിയവരെ നമ്മുടെ മുഖ്യമന്ത്രി (എം.കെ. സ്റ്റാലിൻ) വിവിധ ക്ഷേത്രങ്ങളിൽ നിയമിച്ചു. അതാണ് ദ്രാവിഡ മാതൃക’’ -ഉദയനിധി വിശദീകരിച്ചു. വിധവകളെ തല മുണ്ഡനം ചെയ്യാനും സതിയനുഷ്ഠിക്കാനും ‘സനാതനം’ ആവശ്യപ്പെട്ടപ്പോൾ ‘ദ്രാവിഡീയം’ വനിതകൾക്ക് ബസിൽ സൗജന്യയാത്ര കൊണ്ടുവന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസ്താവന ബി.ജെ.പി ദേശീയ തലത്തിൽ ‘ഇൻഡ്യ’ മുന്നണിക്കെതിരായ പ്രചാരണായുധമാക്കിയിരിക്കുകയാണ്. എന്നാൽ, താൻ ഹിന്ദു വംശഹത്യക്ക് ആഹ്വാനം ചെയ്തെന്ന തരത്തിൽ നടക്കുന്ന പ്രചാരണം കളവാണെന്നും പ്രസംഗിച്ച കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും പ്രസ്താവിച്ച് ഉദയനിധി പിന്നീട് രംഗത്തെത്തി. ഇന്നും തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നതായി ഉദയനിധി വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.