കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും അനന്തരവൻ അഭിഷേക് ബാനർജിയും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നതിനിടെ ശനിയാഴ്ച പാർട്ടിയുടെ ഉന്നത നേതാക്കളുടെ യോഗം വിളിച്ച് മമത.
പാർട്ടിയിൽ 'വൺ മാൻ വൺ പോസ്റ്റ്' (ഒരാൾക്ക് ഒരു പദവി) നയം പ്രോത്സാഹിപ്പിക്കാനുള്ള അഭിഷേക് ബാനർജിയുടെ നീക്കത്തെ ചൊല്ലിയുള്ള പിരിമുറുക്കം പരിഹരിക്കുന്നതിനാണ് യോഗം. പാർട്ടിയുടെ ചില മുതിർന്ന നേതാക്കളിൽനിന്ന് അഭിഷേകിനെതിരെ നീരസം പ്രകടമായിട്ടുണ്ട്. അവരിൽ പലരും ഭരണ സ്ഥാപനത്തിനുള്ളിൽ തന്നെ ഒന്നിലധികം പദവികൾ വഹിക്കുന്നവരാണ്. അഭിഷേകും ഇവരും തമ്മിലുള്ള പ്രശ്നങ്ങൾ രൂക്ഷമായ പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്. തൃണമൂലുമായി ചേർന്ന് പ്രവർത്തിക്കുന്ന രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറുമായുള്ള നേതാക്കളുടെ ഭിന്നതകളും മറനീക്കി പുറത്തുവന്നിട്ടുണ്ട്.
തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പ്രശാന്ത് കിഷോറിന്റെ ടീം ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് വെള്ളിയാഴ്ച തൃണമൂൽ നേതാവ് ചന്ദ്രിമ ഭട്ടാചാര്യ രംഗത്തുവന്നിരുന്നു. ഇത് ഇരുവിഭാഗവും തമ്മിലുള്ള രൂക്ഷമായ തർക്കങ്ങൾക്ക് വഴിവെച്ചിരുന്നു.
"തെരഞ്ഞെടുപ്പിന് മുമ്പ് പ്രശാന്ത് കിഷോറിന്റെ ടീമായ ഐ-പി.എ.സി എന്റെ പേരിൽ ഒരു ട്വിറ്റർ അക്കൗണ്ട് സൃഷ്ടിച്ചു. ഇന്ന് ഞാനറിയാതെ 'ഒരാൾക്ക് ഒരു പദവി' എന്നതിനെ കുറിച്ച് അതിൽ പോസ്റ്റ് ചെയ്തിരിക്കുന്നു. അതിനെതിരെ ഞാൻ ശക്തമായി പ്രതിഷേധിക്കുന്നു," -ശ്രീമതി ഭട്ടാചാര്യയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
ഇതിനെതിരെ പ്രശാന്ത് കിഷോറിന്റെ ടീം രംഗത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.