കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമത്തിൽ കേന്ദ്ര സർക്കാറിനെ നിശിതമായി വിമർശിച്ച് വീണ്ടും പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമതാ ബാനർജി. ബംഗാളിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കേന്ദ്രം വീണ്ടും പൗരത്വ നിയമം ഉയർത്തിക്കൊണ്ടുവരുന്നതെന്നും അവർ കുറ്റപ്പെടുത്തി.
'ഈ രാഷ്ട്രീയം നിർത്തൂ. ഗുജറാത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നതുകൊണ്ടാണ് അവർ (ബി.ജെ.പി) ഇത് ചെയ്യുന്നത്. ഞങ്ങൾ അത് നടപ്പാക്കാൻ അനുവദിക്കില്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം എല്ലാവരും (ഇന്ത്യയിലെ) പൗരന്മാരാണ്. ഞങ്ങൾ ഇതിന് എതിരാണ്' -മമത കൊൽക്കത്ത വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. തെരഞ്ഞെടുപ്പുകൾ അത്ര പ്രധാനമല്ല, രാഷ്ട്രീയവും പ്രധാനമല്ല, ജനങ്ങളുടെ ജീവനാണ് കൂടുതൽ പ്രധാനമെന്നും അവർ പറഞ്ഞു.
രാജ്യത്തുടനീളം സി.എ.എ ക്രമേണ നടപ്പാക്കുമെന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിസിത് പ്രമാണിക്കിന്‍റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അവർ. ഗുജറാത്തിൽ കഴിയുന്ന പാകിസ്താനിൽനിന്നുള്ള മുസ്ലിംകൾ ഒഴികെയുള്ളവർക്ക് 1995ലെ പൗരത്വനിയമപ്രകാരം പൗരത്വം നൽകാൻ കഴിഞ്ഞദിവസം കേന്ദ്രം തീരുമാനമെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.