കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിനെതിരായ തെരഞ്ഞെടുപ്പ് പരസ്യം പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷനും ബി.ജെ.പിക്കും തൃണമൂലിന്റെ കോടതിയലക്ഷ്യ നോട്ടീസ്. പരസ്യം വിലക്കണമെന്ന കൊൽക്കത്ത ഹൈകോടതി ഉത്തരവ് ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ചൊവ്വാഴ്ച നോട്ടീസ് അയച്ചത്. മേയ് 20നാണ് ‘എക്സി’ൽ വന്ന തൃണമൂൽ വിരുദ്ധ പരസ്യത്തിന് ഹൈകോടതി വിലക്കേർപ്പെടുത്തിയത്.
പരസ്യത്തിന്റെ ഉള്ളടക്കം അപകീർത്തികരവും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തരവ്. വിധിക്കെതിരെ പശ്ചിമബംഗാൾ ബി.ജെ.പി ഘടകം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കഴിഞ്ഞദിവസം ഹരജി പരിഗണിച്ച സുപ്രീംകോടതി വിഷയത്തിൽ ഇടപെടാൻ തയാറായില്ല. അതേസമയം, പരസ്യം അപകീർത്തികരമാണെന്ന് നിരീക്ഷിക്കുകയും ചെയ്തു.
എന്നാൽ, ചൊവ്വാഴ്ച വീണ്ടും പരസ്യം ‘എക്സി’ൽ പ്രത്യക്ഷപ്പെട്ടതോടെയാണ് തൃണമൂൽ കോടതിയലക്ഷ്യ നോട്ടീസ് അയച്ചത്. ഹൈകോടതി വിധി സുപ്രീംകോടതി റദ്ദാക്കിയിട്ടില്ലാത്തതിനാൽ ബി.ജെ.പിയുടെ നടപടി കോടതിയലക്ഷ്യമാണെന്ന് തൃണമൂൽ അഭിഭാഷകൻ സോഹം ദത്ത പറഞ്ഞു. കോടതിയെ ധിക്കരിക്കാനുള്ള ബി.ജെ.പിയുടെ മനഃപൂർവമുള്ള നീക്കത്തെ തെരഞ്ഞെടുപ്പ് കമീഷനും തടഞ്ഞില്ലെന്ന് ദത്ത കൂട്ടിച്ചേർത്തു.
സമൂഹ മാധ്യമങ്ങളിലൂടെ ബി.ജെ.പി നേതൃത്വം തൃണമൂലിനോട് ഖേദം പ്രകടിപ്പിക്കണമെന്നാണ് പാർട്ടിയുടെ ആവശ്യം. പരസ്യമായ നിയമലംഘനം നടത്തിയ ബി.ജെ.പിക്കെതിരെ നടപടി സ്വീകരിക്കണമെന്നും തൃണമൂൽ തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞദിവസം വിഷയത്തിൽ സുപ്രീംകോടതിയിൽ ചൂടേറിയ വാദപ്രതിവാദങ്ങൾ നടന്നിരുന്നു. പരസ്യം വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന ബി.ജെ.പി വാദം കോടതി തന്നെ ഖണ്ഡിച്ചു. ഒപ്പം, രൂക്ഷമായ ചില വിമർശനങ്ങളും കോടതിയുടെ ഭാഗത്തുനിന്നുണ്ടായതോടെ ബി.ജെ.പി ഹരജി തന്നെ പിൻവലിക്കുകയായിരുന്നു. തൊട്ടടുത്ത ദിവസംതന്നെ, അതേ പരസ്യവുമായി ബി.ജെ.പി വീണ്ടും രംഗത്തെത്തിയതാണ് തൃണമൂലിനെ പ്രകോപിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.