ഹെഡ്‌ലൈറ്റ് ഡിം ചെയ്യുന്നതിനെ ചൊല്ലി തർക്കം; ജവാന്‍റെ അടിയേറ്റ 54കാര‌‌‍ൻ മരിച്ചു

നാഗ്പുര്‍: മഹാരാഷ്ട്രയിലെ നാഗ്പുരില്‍ കാറിന്‍റെ ഹെഡ് ലൈറ്റ് ഡിം ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിൽ എസ്.ആര്‍.പി.എഫ് ജവാന്‍റെ അടിയേറ്റയാൾ മരിച്ചു. മാതാ മന്ദിര്‍ സ്വദേശിയായ മുരളീധര്‍ റാമോജി ‌(54) ആണ് ചികിത്സയിലിരിക്കെ മരിച്ചത്.

സംഭവത്തില്‍ എസ്.ആര്‍.പി.എഫ് ജവാനായ നിഖില്‍ ഗുപ്തക്കെതിരെ (30) പൊലീസ് കേസെടുത്തു. സഹോദരിയെ കാണാനെത്തിയതാണ് നിഖില്‍ ഗുപ്തയെന്നും കാര്‍ പാര്‍ക്ക് ചെയ്യുന്നതിനിടെ ഹെഡ് ലൈറ്റ് ഡിം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായതെന്നും പൊലീസ് പറഞ്ഞു.

നിഖില്‍ കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്യുന്നതിനിടെ ഹെഡ്‌ലൈറ്റിന്‍റെ വെളിച്ചം സമീപത്തുകൂടെ നടന്നുവരുകയായിരുന്ന മുരളീധര്‍ റാമോജിയുടെ മുഖത്തടിക്കുകയായിരുന്നു. തുടര്‍ന്ന് ഹെഡ് ലൈറ്റ് ഡിം ചെയ്യാന്‍ മുരളീധര്‍ അഭ്യര്‍ഥിച്ചു. തുടർന്നുണ്ടായ വാക്കേറ്റത്തിനൊടുവിൽ നിഖില്‍ ശക്തമായി അടിച്ചതിനെത്തുടർന്ന് മുരളീധര്‍ നിലത്തുവീണു. ഉടൻ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

ചികിത്സയിലിരിക്കെ മുരളീധര്‍ റാമോജി മരിച്ചതോടെ നിഖില്‍ ഗുപ്തക്കെതിരെ മനപൂര്‍വമുള്ള നരഹത്യക്ക് പൊലീസ് കേസെടുത്തു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും നിഖില്‍ ഗുപ്തയെ ചോദ്യം ചെയ്ത് തുടര്‍നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. 

Tags:    
News Summary - Man dies as SRPF jawan slaps him during argument over car’s headlight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.