അവന്തി ഭർത്താവിന്‍റെ ബന്ധുക്കൾക്കൊപ്പം (courtesy: DC Photo: P. Surendra-deccanchronicle.com)

ദുരഭിമാനക്കൊല: തെലങ്കാനയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ഹൈദരാബാദ്: ജാതി മാറി വിവാഹം കഴിച്ചതിന് തെലങ്കാനയിൽ യുവാവിനെ ഭാര്യവീട്ടുകാർ കൊലപ്പെടുത്തി. 28 കാരനായ യോഗി ഹേമന്ദ്കുമാറാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ 14പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഹേമന്ദ്കുമാറും അവന്തി എന്ന പെൺകുട്ടിയും മാസങ്ങൾക്ക് മുമ്പാണ് വിവാഹിതരായത്. അവന്തിയുടെ വീട്ടുകാരുടെ കടുത്ത എതിർപ്പ് മറികടന്നാണ് ഇരുവരും വിവാഹിതരായത്. സെരിലിംഗംപള്ളിയിലെ ചന്ദാനഗർ സ്വദേശികളായ ഇരുവരും എട്ടു വർഷമായി പ്രണയത്തിലായത്.

സംഭവത്തിൽ അവന്തിയുടെ അമ്മാവൻ യുഗേന്ദർ ഉൾപ്പെടെയുള്ളവരെയാണ് സൈബറാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. അവന്തിയുടെ അച്ഛൻ ഡി. ലക്ഷ, അമ്മ അർച്ചന, യുഗേന്ദർ എന്നിവർ മാസങ്ങൾക്കു മുമ്പേ ഹേമന്ദിനെ കൊല്ലാൻ ഗൂഢാലോചന നടത്തിയിരുന്നു. ഇതിനായി 10 ലക്ഷം രൂപ ക്വട്ടേഷൻ സംഘത്തിന് കൈമാറിയതായും പൊലീസ് പറഞ്ഞു.

യുഗേന്ദറിന്‍റെ നേതൃത്വത്തിൽ വ്യാഴാഴ്ച പ്രതികൾ ടി.എൻ.ജി.ഒ കോളനിയിലെത്തി ഹേമന്ദിനെയും അവന്തിയേയും ബലമായി കാറിൽ കയറ്റിക്കൊണ്ടുപോയി. വിവാഹം സംബന്ധിച്ച് സംസാരിക്കാനായി അവന്തിയുടെ വീട്ടിലേക്ക് പോവുകയാണെന്നായിരുന്നു ഇവരോട് പറഞ്ഞത്.

എന്നാൽ വഴി തിരിച്ചുവിട്ടതോടെ ഇരുവരും കാറിൽനിന്ന് ചാടി. പിന്നാലെ കാറിലെത്തിയ യുഗേന്ദർ ഹേമന്ദിനെ ബലമായി കൊണ്ടുപോവുകയായിരുന്നു. തുടർന്നാണ് മർദ്ദനമേറ്റ് മരിച്ച നിലയിൽ ഹേമന്ദിന്‍റെ മൃതദേഹം കണ്ടെത്തിയത്.

വിവാഹ ശേഷം വീട്ടുകാരുടെ ഭീഷണി പതിവായതോടെ ചന്ദാനഗർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇരു വീട്ടുകാരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച ശേഷം കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തിയിരുന്നു. ഹേമന്ദിനൊപ്പം ജീവിക്കുകയാണെന്നും എന്‍റെ വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാൽ വീട്ടിൽനിന്നിറങ്ങിയാൽ കൊല്ലുമെന്ന് അവർ ഭീഷണിപ്പെടുത്തിയിരുന്നു -അവന്തി പറഞ്ഞു.

കൃത്യമായി ആസൂത്രണം ചെയ്ത ദുരഭിമാനക്കൊലയാണെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി മധാപൂർ ഡെപ്യൂട്ടി കമീഷണർ വെങ്കടേശ്വരലു പറഞ്ഞു. പോസ്റ്റ്മോർട്ടത്തിനായി ഹേമന്ദിന്‍റെ മൃതദേഹം ഉസ്മാനിയ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. 

Tags:    
News Summary - Man hacked to death by wife's family in honour killing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.