മുംബൈ: കൂടെക്കഴിഞ്ഞ യുവതിയെ കൊന്ന് കഷണങ്ങളാക്കി വേവിച്ച് മിക്സിയിലടിച്ച് ഉപേക്ഷിക്കാൻ ശ്രമിച്ച 56കാരനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഏഴ് ദിവസത്തേക്കാണ് റേഷൻ കട ജീവനക്കാരനായ മനോജ് സാനെയെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. 32 കാരിയായ സരസ്വതി വൈദ്യയാണ് കൊല്ലപ്പെട്ടത്.
മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ മിരാറോഡിൽ കഴിഞ്ഞ നാലിനാണ് കൊലപാതകം നടന്നത്. ഫ്ലാറ്റിൽ നിന്നും ദുർഗന്ധമുണ്ടായതിനെ തുടർന്ന് വ്യാഴാഴ്ച അയൽക്കാർ പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ സരസ്വതിയുടെ ശരീരഭാഗങ്ങൾ കണ്ടെത്തുകയായിരുന്നു. അടുക്കളപ്പാത്രങ്ങളിലും മൂന്ന് ബക്കറ്റുകളിലുമായിരുന്നു ശരീരഭാഗങ്ങൾ. കുറച്ചു ഭാഗങ്ങൾ കണ്ടെത്തിയില്ല. രണ്ട് കട്ടറുകൾ ഉപയോഗിച്ച് ശരീരം 20 ലേറെ കഷണങ്ങളാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
എളുപ്പം ഉപേക്ഷിക്കാനായി ഏതാനും ഭാഗങ്ങൾ കുക്കറിൽ വേവിച്ച് മിക്സിയിൽ അടിച്ചെടുത്ത് അഴുക്കുചാലിൽ ഒഴുക്കിയതായും പൊലീസ് പറഞ്ഞു. ദുർഗന്ധമുണ്ടാകാതിരിക്കാൻ ശരീരഭാഗങ്ങളിൽ ഒരുതരം എണ്ണപുരട്ടിയതായും പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ മനോജ് നായകളെ ഊട്ടുന്നത് കണ്ടതായും മുറിയിൽ വ്യാപകമായി സ്പ്രേ അടിക്കുന്ന ശബ്ദംകേട്ടതായും അയൽക്കാർ മൊഴിനൽകിയതായി പൊലീസ് പറഞ്ഞു.
2014ൽ ബോറിവലിയിലെ റേഷൻകടയിൽ വെച്ചുകണ്ട അനാഥയായ സരസ്വതിയുമായി മനോജ് സാനെ പ്രണയത്തിലാകുകയായിരുന്നു. മൂന്നു വർഷം മുമ്പാണ് ഒരുമിച്ചു കഴിയാൻ തുടങ്ങിയത്. ശരീരഭാഗങ്ങൾ ഡി.എൻ.എ പരിശോധനക്ക് അയച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.