കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എം.പി അഭിഷേക് ബാനർജിയെ 2015ൽ പൊതുവേദിയിൽ വെച്ച് തല്ലിയയാൾ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെയാണ് ദേവാശിഷ് ആചാര്യ മരണപ്പെട്ടത്. പരിക്കുകളോടെ ദേവാശിഷ് ആചാര്യയെ ചിലർ താമലുക് ജില്ലാ ആശപത്രിയിൽ എത്തിക്കുകയായിരുന്നു. ഇതിന് പിന്നാലെ ആശുപത്രിയിലെത്തിച്ചവർ അവിടെ നിന്നും രക്ഷപ്പെടുകയും ചെയ്തു.
വ്യാഴാഴ്ച പുലർച്ചെ 4.10ഓടെയാണ് ദേവാശിഷിനെ ആശുപത്രിയിലെത്തിച്ചതെന്ന് അധികൃതർ പറഞ്ഞു. ചികിത്സയിലിരിക്കെ ഇയാൾ ഉച്ചയോടെ മരിച്ചു. ദേവാശിഷിെൻറ മരണം കൊലപാതകമാണെന്നും കൂടുതൽ അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. ബി.ജെ.പിയും ഇക്കാര്യത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. 2020ൽ ദേവാശിഷ് ബി.ജെ.പിയിൽ ചേർന്നിരുന്നു.
രണ്ട് സുഹൃത്തുക്കളോടൊപ്പം ജൂൺ 16ന് വൈകുന്നേരം ദേവാശിഷ് അചാര്യ ഇറങ്ങി പോയതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സോനാപേട്ടയ ടോൾ പ്ലാസക്ക് സമീപമുള്ള ചായക്കടയിൽ നിന്ന് ഇവർ ചായ കുടിച്ചിരുന്നു. തുടർന്ന് ദേവാശിഷിന് ഒരു ഫോൺ വരികയും ഇയാൾ അവിടെ നിന്നും പോവുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു. ഫോൺ വന്നതിന് ശേഷം ദേവാശിഷ് എവിടേക്കാണ് പോയതെന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.