ഇംഫാൽ: മണിപ്പൂരിലെ വംശീയ കലാപത്തിൽ വീട് വിട്ടോടേണ്ടിവന്നത് അരലക്ഷത്തിലേറെ പേർക്ക്. അവരെ 349 ദുരിതാശ്വാസ ക്യാമ്പുകളിലായി പാർപ്പിച്ചിരിക്കുകയാണെന്ന് മണിപ്പൂർ സർക്കാർ അറിയിച്ചു. ക്യാമ്പുകളുടെ മേൽനോട്ടം അതത് ജില്ല നോഡൽ ഓഫിസർമാർക്കാണ്. കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കാൻ പ്രത്യേക നയരേഖ രൂപവത്കരിച്ചതായും മന്ത്രി ഡോ. ആർ.കെ. രഞ്ജൻ പറഞ്ഞു. കുതിച്ചുയരുന്ന അവശ്യവസ്തുക്കളുടെ വില നിയന്ത്രിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് മൊത്തം 242 ബാങ്ക് ശാഖകളുള്ളതിൽ 198ഉം തുറന്നുപ്രവർത്തിക്കുന്നുണ്ട്.
വംശീയ സംഘർഷം കൂടുതൽ പടരാതിരിക്കാൻ സൈന്യവും അർധസൈനിക വിഭാഗങ്ങളും പരിശോധന തുടരുകയാണ്. ഇതുവരെയുള്ള പരിശോധനകളിൽ 53 ആയുധങ്ങളും 39 ബോംബുകളും പിടിച്ചെടുത്തിട്ടുണ്ട്. നേരത്തെ സൈനികരിൽനിന്ന് തട്ടിയെടുത്ത ആയുധങ്ങൾ തിരിച്ചേൽപിക്കാൻ പ്രത്യേക സംവിധാനങ്ങളും സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ജനസംഖ്യയുടെ 53 ശതമാനം വരുന്ന മെയ്തേയി വിഭാഗത്തിന് പട്ടികവർഗ പദവി അനുവദിക്കണമെന്ന ആവശ്യത്തിനെതിരെ സംഘടിപ്പിച്ച ഗോത്ര ഐക്യദാർഢ്യ മാർച്ചിനു പിന്നാലെ മേയ് മൂന്നിനാണ് മണിപ്പൂർ സംഘർഷഭൂമിയായത്.
ഇംഫാൽ: കലാപം രൂക്ഷമായ മണിപ്പൂരിൽ ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം ജൂൺ 15 വരെ നീട്ടി. ബ്രോഡ്ബാൻഡ് ഉൾപ്പെടെയുള്ള ഡേറ്റ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചത് ജൂൺ 15 ഉച്ചകഴിഞ്ഞ് മൂന്നു വരെ നീട്ടിയതായി പൊലീസ് കമീഷണർ ടി. രഞ്ജിത് സിങ് അറിയിച്ചു. മേയ് മൂന്നിനാണ് നിരോധനം ഏർപ്പെടുത്തിയത്. മണിപ്പൂരിൽ ഒരു മാസം മുമ്പ് പൊട്ടിപ്പുറപ്പെട്ട വംശീയ കലാപത്തിൽ 100 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 310 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.