ന്യൂഡൽഹി: മണിപ്പൂരിൽ സമാധാനം തിരിച്ചുകൊണ്ടുവരാൻ ഇടപെടണമെന്നും സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ ഉന്നതതല സംഘം കലാപത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃസംഘം രാഷ്ട്രപതിയെ സമീപിച്ചു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മണിപ്പൂർ മുൻ മുഖ്യമന്ത്രി ഇബോബി സിങ്, കെ.സി. വേണുഗോപാൽ, മുകുൾ വാസ്നിക് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കണ്ടത്. സംസ്ഥാനത്ത് സാധാരണ നില തിരിച്ചുകൊണ്ടുവരാൻ 12 ഇന നിർദേശങ്ങളടങ്ങുന്ന നിവേദനം കോൺഗ്രസ് സംഘം രാഷ്ട്രപതിക്ക് കൈമാറി.
തുടക്കത്തിൽ കലാപം നിയന്ത്രിക്കുന്നതിലുണ്ടായ നിരവധി വീഴ്ചകളാണ് ഇന്നത്തെ ഗുരുതരാവസ്ഥയിലേക്ക് നയിച്ചതെന്ന് കോൺഗ്രസ് സംഘം രാഷ്ട്രപതിയെ ധരിപ്പിച്ചു. ഇപ്പോൾ ആർക്കെതിരെയും വിരൽ ചൂണ്ടേണ്ട സമയമല്ല, പ്രവർത്തിക്കേണ്ട സമയമാണെന്ന് തിരിച്ചറിയുന്നതുകൊണ്ടാണ് 12 ഇന നിർദേശങ്ങൾ മുന്നോട്ടുവെക്കുന്നത്.
നിവേദനത്തിലെ നിർദേശങ്ങൾ: കലാപം നിയന്ത്രിക്കാൻ ഉറച്ച നടപടി വേണം. തീവ്രവാദ ഗ്രൂപ്പുകളെ അമർച്ച ചെയ്യുകയും തടവിലാക്കുകയും വേണം.
ആളുകൾ ആയുധം കൈയിലെടുക്കുന്നത് തടയണം. അക്രമം നടക്കുന്ന ഗ്രാമങ്ങളിലേക്ക് സായുധ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം തടയാൻ മതിയായ സുരക്ഷസേനയെ വിന്യസിക്കണം. പലായനം ചെയ്യേണ്ടിവന്നവരെ സുരക്ഷിതമായി പാർപ്പിക്കാൻ കേന്ദ്രസർക്കാർ നടപടി എടുക്കണം.കലാപത്തിന്റെ ഇരകൾക്ക് ന്യായയുക്തമായ നഷ്ടപരിഹാരം നൽകണം. മൃതദേഹങ്ങൾ തിരിച്ചറിയാൻ നടപടിയെടുത്ത് കുടുംബങ്ങൾക്ക് ഉടൻ വിട്ടുകൊടുക്കണം.
കാണാതായവർക്കുവേണ്ടി തിരച്ചിൽ ഊർജിതമാക്കണം. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന നിരവധിയായ കുട്ടികളുടെ പഠനത്തിന് ക്രമീകരണം വേണം. അവശ്യസാധനങ്ങൾ കൊണ്ടുപോകുന്നത് ദേശീയപാതയിലും മറ്റും തടയുന്നത് അവസാനിപ്പിക്കാൻ നടപടി വേണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.