ഇംഫാൽ: മണിപ്പൂരിൽ അറസ്റ്റിലായ അഞ്ചു വില്ലേജ് വളന്റിയർമാരെ വിട്ടയക്കണമെന്നാവശ്യെപ്പട്ട് പൊലീസ് സ്റ്റേഷനുകളിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ച പ്രതിഷേധക്കാരെ നേരിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. അക്രമസംഭവങ്ങളെ തുടർന്ന് ഇംഫാലിലെ രണ്ടു ജില്ലകളിൽ സംസ്ഥാന സർക്കാർ വീണ്ടും കർഫ്യൂ പ്രഖ്യാപിച്ചു.
ഇംഫാലിലെ പൊരോംപറ്റ്, സിങ്ജമെയ് പൊലീസ് സ്റ്റേഷനുകളിലേക്കും ഇംഫാൽ വെസ്റ്റ് ജില്ലയിലെ ക്വകെയ്തൽ പൊലീസ് ഔട്ട്പോസ്റ്റിലേക്കുമാണ് വ്യാഴാഴ്ച നൂറുകണക്കിന് പ്രതിഷേധക്കാർ പ്ലക്കാർഡുകളുമേന്തി എത്തിയത്. മുദ്രാവാക്യങ്ങളുമായി പൊലീസ് സ്റ്റേഷനുകളിലേക്ക് കടക്കാൻ ശ്രമിച്ച ഇവരെ പിരിച്ചുവിടാൻ കണ്ണീർ വാതകം പ്രയോഗിക്കുകയായിരുന്നു.
ആറു പ്രാദേശിക ക്ലബ്ബുകളുടെയും മെയ്തേയി വനിത കൂട്ടായ്മയായ മീര പെയ്ബിസിന്റെയും നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സെപ്റ്റംബർ 16ന് സൈനിക വേഷത്തിൽ ആയുധങ്ങളുമായി അറസ്റ്റിലായ അഞ്ചുപേരും ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘമാണെന്നാണ് പൊലീസ് വിശദീകരണം. ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഇംഫാലിൽ കഴിഞ്ഞ ദിവസം 48 മണിക്കൂർ ബന്ദ് നടത്തിയിരുന്നു. പിടിയിലായവർ മെയ്തേയി ഗ്രാമങ്ങൾ സംരക്ഷിക്കുന്നവരാണെന്നാണ് പ്രതിഷേധക്കാരുടെ വാദം.
ഇംഫാലിലെ രണ്ടു ജില്ലകളിൽ പുലർച്ച അഞ്ചുമുതൽ ഒമ്പതു മണിവരെ കർഫ്യൂവിൽ ഏർപ്പെടുത്തിയ ഇളവാണ് അക്രമസംഭവങ്ങളെ തുടർന്ന് സർക്കാർ റദ്ദാക്കിയത്. അതേസമയം, സംസ്ഥാനത്ത് സുരക്ഷസേന നടത്തിയ പരിശോധനയിൽ ആയുധങ്ങളും വെടിയുണ്ടകളും മോർട്ടാർ ഷെല്ലുകളും പിടിച്ചെടുത്തു. നിയമം ലംഘിച്ചതിന് 873 പേരെ കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.