ന്യൂഡൽഹി: മണിപ്പൂർ കലാപത്തിൽ വസ്തുതാന്വേഷണം റിപ്പോർട്ട് പുറത്തുവിട്ട എഡിറ്റേഴ്സ് ഗിൽഡ് അംഗങ്ങളായ മുതിർന്ന മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നത് സുപ്രീംകോടതി വിലക്കി. ഹരജിയുടെ പകർപ്പ് മണിപ്പൂരിലെ ബി.ജെ.പി സർക്കാറിന് അയച്ചുകൊടുത്ത ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തിങ്കളാഴ്ച വീണ്ടും പരിഗണിക്കാനായി ഹരജി മാറ്റി. മണിപ്പൂർ പൊലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലും തുടർ നടപടി വിലക്കുകയും ചെയ്തു. ആഗസ്റ്റ് ഏഴു മുതൽ പത്തുവരെ മണിപ്പൂർ സന്ദർശിച്ച് എഡിറ്റേഴ്സ് ഗിൽഡ് അംഗങ്ങളായ ഭരത് ഭൂഷൺ, സഞ്ജയ് കപൂർ, സീമ ഗുഹ എന്നിവർ തയാറാക്കിയ വസ്തുതാന്വേഷണ റിപ്പോർട്ടിനെ തുടർന്ന് മണിപ്പൂർ പൊലീസ് രണ്ട് ക്രിമിനൽ കേസുകളാണ് എഡിറ്റേഴ്സ് ഗിൽഡ് സംഘത്തിനെതിരെ രജിസ്റ്റർ ചെയ്തത്. 24 പേജുള്ള വസ്തുതാന്വേഷണ റിപ്പോർട്ട് ഈ മാസം രണ്ടിനാണ് പുറത്തുവിട്ടത്.
മണിപ്പൂരിൽ പോയി വസ്തുതാന്വേഷണം നടത്തി റിപ്പോർട്ട് പുറത്തുവിട്ടതിന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത മണിപ്പൂരിലെ ബി.ജെ.പി സർക്കാറിനെതിരെയാണ് എഡിറ്റേഴ്സ് ഗിൽഡ് സുപ്രീംകോടതിയെ സമീപിച്ചത്. വസ്തുതാന്വേഷണത്തിന് പോയ മുതിർന്ന മൂന്ന് മാധ്യമപ്രവർത്തകർ അറസ്റ്റിന്റെ നിഴലിലാണെന്ന് എഡിറ്റേഴ്സ് ഗിൽഡിന് വേണ്ടി ഹാജരായ അഭിഭാഷകൻ ശ്യാം ദിവാൻ രാവിലെ പറഞ്ഞപ്പോൾ വൈകീട്ടുതന്നെ ഹരജി അടിയന്തരമായി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
സമൂഹ മാധ്യമങ്ങളിലൂടെ തങ്ങൾക്കെതിരെ നടന്ന വിദ്വേഷ പ്രചാരണം മൂലം അറസ്റ്റ് ചെയ്ത് തങ്ങളെ കൊണ്ടുപോയാൽ പിന്നെ ജീവനോടെ തിരിച്ചുവരാനാവാത്ത സാഹചര്യം സംജാതമായിട്ടുണ്ടെന്ന് ഹരജിക്കാരായ മൂന്ന് മാധ്യമപ്രവർത്തകർ ബോധിപ്പിച്ചു. മാധ്യമപ്രവർത്തകരുടെ ജീവന് ഭീഷണിയുണ്ടെന്നും മുഖ്യമന്ത്രി ബീരേന്ദ്ര സിങ് വാർത്തസമ്മേളനം നടത്തിയാണ് ഇവർക്കെതിരെ കേസെടുത്ത വിവരമറിയിച്ചതെന്നും ശ്യാം ദിവാൻ ബോധിപ്പിച്ചു.
പ്രാദേശിക മാധ്യമങ്ങൾ പക്ഷപാതപരമായാണ് കലാപം റിപ്പോർട്ട് ചെയ്തതെന്നും സംഘർഷത്തിൽ സർക്കാർ ഒരു പക്ഷം നിന്നുവെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തിയിരുന്നു.
എന്നാൽ, റിപ്പോർട്ട് വ്യാജവും കെട്ടിച്ചമച്ചതും സ്പോൺസർ ചെയ്തതുമാണെന്ന് ആരോപിച്ച് മുഖ്യമന്ത്രി കേസെടുക്കാൻ നിർദേശിക്കുകയായിരുന്നു. വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കിയതിനും മതവികാരം വ്രണപ്പെടുത്തുന്ന വാക്കുകളുരുവിട്ടതിനും ഏതെങ്കിലും ഒരു സമുദായത്തിനെതിരെ അക്രമത്തിന് പ്രേരണയാകുന്ന പ്രസ്താവന നടത്തിയതിനും ക്രിമിനൽ ഗൂഢാലോചനക്കും ക്രിമിനൽ മാനനഷ്ടത്തിനും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരമുള്ള 153 എ, 298, 505, 499, 120 ബി വകുപ്പുകൾ ചുമത്തിയാണ് എഫ്.ഐ.ആറുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.