ന്യൂഡൽഹി: അന്തർദേശീയ യോഗ ദിനം ബഹിഷ്കരിച്ച് മണിപ്പൂരിലെ പ്രക്ഷോഭകർ തെരുവിലിറങ്ങി. വംശീയ കലാപത്തിൽ മൗനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു. തീരുമാനിച്ചുറച്ച മൗനമാണ് മോദിയുടേതെന്ന് പറഞ്ഞാണ് പ്രക്ഷോഭകർ കോലം കത്തിച്ചത്.
തൗബൽ ജില്ലയിലെ തീബൽ മേള ഗ്രൗണ്ടിലായിരുന്നു പ്രതിഷേധം. ലോകത്തോട് സമാധാനത്തിന്റെയും സൗഹാർദത്തിന്റെയും സന്ദേശം പ്രബോധനം ചെയ്യുന്ന പ്രധാനമന്ത്രി മണിപ്പൂരിൽ 49 ദിവസമായി തുടരുന്ന കലാപത്തിനുനേരെ മുഖം തിരിച്ചിരിക്കുകയാണെന്ന് പ്രതിഷേധത്തിന് നേതൃത്വം നൽകിയ ‘തൗബൽ അപുൻബ ലുബ്’സംഘത്തിന്റെ പ്രതിനിധി റിസോറിയോ ഇക്റോം മാധ്യമങ്ങളോട് പറഞ്ഞു.
നൂറിലേറെ മനുഷ്യർ കൊല്ലപ്പെടുകയും ആയിരങ്ങൾക്ക് പരിക്കേൽക്കുകയും നിരവധി പേരെ കാണാതാകുകയും ചെയ്തു. അയ്യായിരത്തിലേറെ വീടുകൾ കത്തിച്ചു.
50,000ത്തിലധികം പേർ ഭവനരഹിതരായി. എന്നിട്ടും ഒരു ട്വീറ്റ് പോലും ചെയ്യാത്ത പ്രധാനമന്ത്രി മണിപ്പൂരിനെ അവഗണിച്ചതായി റിസോറിയോ കുറ്റപ്പെടുത്തി. ‘മൻ കീ ബാതി’ൽ പ്രധാനമന്ത്രി മണിപ്പൂർ കലാപം പരാമർശിക്കാത്തതിൽ പ്രതിഷേധിച്ച് തെരുവിലിറങ്ങിയവർ റേഡിയോകൾക്ക് തീയിട്ട് പ്രതിഷേധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.