ന്യൂഡൽഹി: മെയ്തേയി വിഭാഗത്തെ പട്ടികവർഗ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന നിർദേശത്തിൽ മണിപ്പൂർ ഹൈകോടതിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. മണിപ്പൂർ ഹൈകോടതി നിർദേശത്തിനുപിന്നാലെ മണിപ്പൂരിൽ ഗോത്രവർഗ വിഭാഗവും മെയ്തേയി വിഭാഗവും തമ്മിൽ വലിയരീതിയിലുള്ള സംഘർഷമുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് സുപ്രീംകോടതിയുടെ വിമർശനം. വസ്തുതകൾക്ക് നിരക്കാത്ത തെറ്റായ വിധിയാണ് മണിപ്പൂർ ഹൈകോടതിയുടേതെന്നും സമുദായങ്ങളെ പട്ടികജാതി, പട്ടികവർഗ പട്ടികയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ തത്ത്വങ്ങൾക്കും മുൻ ഉത്തരവുകൾക്കും വിരുദ്ധമാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വിമർശിച്ചു. സംഘർഷ മേഖലയിലെ ഗോത്രവർഗ വിഭാഗത്തിന്റെ സുരക്ഷ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജികൾ പരിഗണിച്ചാണ് പി.എസ്. നരസിംഹ, ജെ.ബി. പർദിവാല എന്നിവരും ഉൾപ്പെട്ട സുപ്രീംകോടതി ഡിവിഷൻ ബെഞ്ച് വിമർശനം ഉന്നയിച്ചത്.
മണിപ്പൂർ ഹൈകോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യേണ്ടതാണ്. അത് പൂർണമായും വസ്തുതകൾക്ക് നിരക്കാത്തതാണ്. ജസ്റ്റിസ് എ.വി. മുരളീധരന് തെറ്റുതിരുത്താൻ അവസരം നൽകിയിരുന്നു. പക്ഷേ, അതുണ്ടായില്ല. അതിനാലാണ് ഇപ്പോൾ ഇങ്ങനെ പ്രതികരിക്കുന്നത്. സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ നിർദേശങ്ങൾ ഹൈകോടതി ജഡ്ജിമാർ പിന്തുടരുന്നില്ലെങ്കിൽ ഞങ്ങൾക്കെന്ത് ചെയ്യാനാകുമെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.
ഹൈകോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിൽ അപ്പീലുകൾ പരിഗണിക്കുന്നതിനാലാണ് ഉത്തരവിപ്പോൾ സ്റ്റേ ചെയ്യാത്തതെന്നും പരാതികൾ ഡിവിഷൻ ബെഞ്ചിന് നൽകാമെന്നും സുപ്രീംകോടതി അറിയിച്ചു. ഇക്കഴിഞ്ഞ മാർച്ചിലാണ് മണിപ്പൂർ ഹൈകോടതി ജസ്റ്റിസ് എ.വി. മുരളീധരൻ മെയ്തേയി വിഭാഗത്തെ പട്ടിക വർഗ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത് പരിഗണിക്കാൻ സർക്കാറിന് നിർദേശം നൽകിയത്. രണ്ടുവിഭാഗങ്ങൾ തമ്മിലുള്ള വിഷയമായതിനാൽ സർക്കാറിന് സ്റ്റേ ആവശ്യപ്പെടാൻ കഴിയില്ലെന്നും തീരുമാനം നടപ്പാക്കുന്നതിന് ഒരുവർഷത്തെ സമയം ആവശ്യപ്പെട്ടപ്രകാരം ഹൈകോടതി അനുവദിച്ചുതന്നിട്ടുണ്ടെന്നുമാണ് സോളിസിറ്റർ ജനറൽ മെഹ്ത സുപ്രീം കോടതിയെ അറിയിച്ചത്.
കലാപം നിയന്ത്രിക്കുന്നതിൽ കാര്യക്ഷമമായ ഇടപെടൽ നടത്താതിരുന്ന മണിപ്പൂർ സർക്കാറിനും സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. ക്രമസമാധാന പാലനം സംസ്ഥാനത്തിന്റെ വിഷയമാണെന്നും ഇക്കാര്യത്തിൽ അധികാരികൾ അന്ധരായി മാറുന്നില്ലെന്ന് സുപ്രീംകോടതിക്ക് ഉറപ്പുവരുത്തേണ്ടിവരുമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ബെഞ്ച് വ്യക്തമാക്കി. ആക്രമിക്കപ്പെട്ടവരുടെ സുരക്ഷയും പുനരധിവാസവുമായി ബന്ധപ്പെട്ട് പുതിയ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാനും സുപ്രീംകോടതി നിർദേശിച്ചു. കുകി ഉൾപ്പെടെയുള്ള ആദിവാസി വിഭാഗങ്ങൾക്ക് സമാധാനം ഉറപ്പുവരുത്താനും നടപടികൾ വിലയിരുത്താനും ചീഫ് സെക്രട്ടറിയോടും സുരക്ഷാ ഉപദേഷ്ടാവിനോടും ആവശ്യപ്പെട്ടു. കലാപബാധിത പ്രദേശങ്ങളിൽനിന്നും 47,914ലധികം പേരെ രക്ഷിച്ച് അടിയന്തര സഹായങ്ങൾ നൽകിയെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.