മണിപ്പൂരിൽ വീണ്ടും വെടിവെപ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു

ഇംഫാൽ: വംശീയ കലാപം തുടരുന്ന മണിപ്പൂരിൽ മൂന്നു യുവാക്കൾ കൂടി കൊല്ലപ്പെട്ടു. ഉക്റുൽ ജില്ലയിലെ കുക്കി തെവായി ഗ്രാമത്തിലാണ് വെള്ളിയാഴ്ച വികലമാക്കിയ നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതിന് തൊട്ടുമുമ്പ് ഗ്രാമത്തിൽ കനത്ത തോതിൽ വെടിവെപ്പുണ്ടായതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഉക്റുൽ ജില്ലയിൽ തങ്കുൽ നാഗകൾക്കാണ് മേധാവിത്വം.

വെടിവെപ്പിനുപിന്നാലെ സമീപ ഗ്രാമങ്ങളിലും വനപ്രദേശത്തും പൊലീസ് നടത്തിയ തിരച്ചിലിലാണ് 24നും 35നും ഇടയിൽ പ്രായമുള്ളവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ കൂർത്ത കത്തി ഉപയോഗിച്ച് പരിക്കേൽപിച്ച നിലയിലായിരുന്നു.

കഴിഞ്ഞ ദിവസം മണിപ്പൂരിലെ വിവിധ ജില്ലകളിൽ സുരക്ഷാസേന നടത്തിയ വ്യാപക തിരച്ചിലിൽ എട്ടു തോക്കുകളും 112 വെടിയുണ്ടകളും പിടിച്ചെടുത്തിരുന്നു.

സംസ്ഥാനത്ത് 53 ശതമാനമുള്ള പട്ടികജാതിക്കാരായ മെയ്തേയി വിഭാഗക്കാർക്ക് പട്ടികവർഗ പദവി നൽകണമെന്ന മണിപ്പൂർ ഹൈകോടതി ഉത്തരവിനെ തുടർന്നുള്ള പ്രതിഷേധമാണ് വംശീയ കലാപത്തിലേക്ക് വഴിമാറിയത്. മേയ് മൂന്നിന് ഗോത്രസമൂഹങ്ങൾ ആഹ്വാനം ചെയ്ത പ്രതിഷേധം പിന്നീട് വ്യാപിക്കുകയായിരുന്നു. കലാപത്തിൽ ഇതുവരെ 150ഓളം പേർ കൊല്ലപ്പെട്ടു. നൂറുകണക്കിന് വീടുകൾ കത്തിച്ചു.

കഴിഞ്ഞ ഫെബ്രുവരിയിൽ വനമേഖലകളിൽനിന്ന് അനധികൃത താമസക്കാരെ ഒഴിപ്പിക്കാനെന്നുപറഞ്ഞ് ആരംഭിച്ച ബി.ജെ.പി സർക്കാറിന്റെ നടപടിയും ഗോത്രസമൂഹത്തെ രോഷാകുലരാക്കിയിരുന്നു. കലാപവുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കാനും പുനരധിവാസം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിശോധിക്കാനും സുപ്രീംകോടതി മൂന്ന് മുൻ ഹൈകോടതി ജഡ്ജിമാരുടെ സമിതിയെ നിയോഗിച്ചിട്ടുണ്ട്. 

Tags:    
News Summary - Manipur violence: Three village volunteers killed in fresh violence in Ukhrul district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.