മുബൈ: മറാത്ത സംവരണവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സർക്കാർ വിളിച്ച സർവകക്ഷി യോഗത്തിലേക്ക് തന്റെ പാർട്ടിയിലെ എം.പിമാർക്കും എം.എൽ.എമാർക്കും ക്ഷണം ലഭിച്ചില്ലെന്ന് ശിവസേന (യു.ബി.ടി) നേതാവ് സഞ്ജയ് റാവുത്ത്.
നിയമനിർമ്മാതാക്കളില്ലാത്ത പാർട്ടിയെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും എന്നാൽ 16 എം.എൽ.എമാരും 6 എം.പിമാരുമുള്ള തന്‍റെ പാർട്ടിയെ ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
"മഹാരാഷ്ട്ര കത്തികൊണ്ടിരുക്കുമ്പോഴും നാണമില്ലാത്ത രാഷ്ട്രീയം കളിക്കുകയാണ് മഹാരാഷ്ട്ര സർക്കാർ. മറാത്ത സംവരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഒരു സർവകക്ഷിയോഗം വിളിച്ചിട്ടുണ്ട്. എന്നാൽ ശിവസേനക്ക് അതിലേക്ക് ക്ഷണമില്ല. 16 എം.എൽ.എമാരും 6 എം.പിമാരും ഉള്ള പാർട്ടിയാണ് ശിവസേന. അംബാദാസ് ദൻവെയെ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ക്ഷണിച്ചിട്ടുണ്ട്. ലാളനങ്ങളൊന്നും ഞങ്ങൾ ആഗ്രഹിക്കുന്നില്ല. എന്നാൽ പ്രശ്നം പരിഹരിക്കപ്പെടണം. മനോജ് ജാരങ്കെയുടെ ജീവൻ രക്ഷിക്കണം"- സഞ്ജയ് റാവുത്ത് എക്സിൽ കുറിച്ചു.
മറാത്ത ക്വാട്ട ആക്ടിവിസ്റ്റ് മനോജ് ജാരങ്കെ ഒരാഴ്ചയിലേറെയായി അനിശ്ചിതകാല നിരാഹാര സമരത്തിലാണ്. അദ്ദേഹം ഖരഭക്ഷണം കഴിക്കാൻ വിസമ്മതിച്ചുകൊണ്ട് പ്രക്ഷോഭം തുടരുകയാണ്. രണ്ട് ദിവസം കൂടി മാത്രമേ വെള്ളം കുടിക്കുവെന്നും സംവരണം നൽകുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടാൽ സമ്പൂർണ നിരാഹാര സമരം പുനരാരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
ആഗസ്റ്റ് 29 മുതലാണ് മനോജ് ജാരങ്കെയുടെ നേതൃത്വത്തിൽ സംവരണം ആവശ്യപ്പെട്ടുകൊണ്ട് സമരം ആരംഭിച്ചത്. ഇതിനിടെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് പൊലീസ് ലാത്തി ചാർജ് നടത്തുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സെപ്തംബർ 14ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ സമര വേദിയിൽ വന്ന് മറാത്ത സമുദായത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് ജാരങ്കെ നിരാഹാരം അവസാനിപ്പിച്ചത്. എന്നാൽ സംവരണം ഉറപ്പാക്കാൻ സർക്കാറിന് നൽകിയ സമയം കഴിഞ്ഞതിനാൽ വീണ്ടും നിരാഹാരം ആരംഭിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.