മുംബൈ: പ്രശസ്ത മറാത്തി വാർത്താ ചാനലായ ലോക് ശാഹിയുടെ ലൈസൻസ് കേന്ദ്ര സർക്കാർ സസ്‌പെൻഡ് ചെയ്തു. ലൈസൻസ് അപേക്ഷയിൽ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് 30 ദിവസത്തേക്ക് ചാനൽ സംപ്രേഷണം ചെയ്യുന്നത് ഇൻഫർമേഷൻ ബ്രോഡ് കാസ്റ്റ് മന്ത്രാലയം തടഞ്ഞത്.
കഴിഞ്ഞ വർഷം ജൂലൈയിൽ ബി.ജെ.പി നേതാവ് കിരീത് സോമയ്യയുടെ അശ്ലീല വിഡിയോ സംബന്ധിച്ച വാർത്ത നൽകിയതിന് ചാനലിനെതിരെ കേന്ദ്ര സർക്കാർ നടപടിയെടുത്തിരുന്നു. സെപ്റ്റംബറിലാണ് ചാനൽ 3 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തത്. തുടർന്ന് ഡൽഹി ഹൈകോടതിയെ സമീപിച്ചാണ് സസ്‌പെൻഷൻ നീക്കിയത്.
അതേസമയം, നാലുവർഷമായി പ്രവർത്തിക്കുന്ന ചാനലിന്റെ ലൈസൻസ് സംബന്ധിച്ച് ഇതുവരെ ആരും എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ലെന്നും കിരീത് സോമയ്യ കേസ് സംപ്രേഷണം ചെയ്ത ശേഷം ചാനലിനെതിരെ നടപടി സ്വീകരിക്കുന്നത് പ്രതികാര രാഷ്ട്രീയമാണോ എന്നും പ്രമുഖ മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി ചോദിച്ചു.
ഇന്നലെ വൈകീട്ട് 6 മണി മുതൽ ചാനൽ അടച്ചിടാനാണ് മന്ത്രാലയം ഉത്തരവിട്ടത്. നിർഭയമായ പത്രപ്രവർത്തനത്തിലൂടെ ജനാധിപത്യപരമായ കർത്തവ്യമാണ് തങ്ങൾ നാലുവർഷമായി നിർവഹിക്കുന്നതെന്ന് ചാനൽ അധികൃതർ അറിയിച്ചു. ഈ ജനുവരി 26ന് നാലാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങുന്നതിനിടെയാണ് നടപടി.
‘2023 ജൂലൈ 17-ന് കിരീത് സോമയ്യയുടെ വാർത്ത കാണിച്ചതിന്റെ പേരിൽ 72 മണിക്കൂർ ചാനൽ അടച്ചുപൂട്ടാൻ ഞങ്ങൾക്ക് നോട്ടീസ് ലഭിച്ചു. ഇതിനെതിരെ ഞങ്ങൾ ഡൽഹി ഹൈകോടതിയിൽ അപ്പീൽ നൽകി വിലക്ക് നീക്കി. എന്നാൽ, ഇപ്പോൾ വീണ്ടും ലൈസൻസ് റദ്ദാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം തുടർച്ചയായി നോട്ടീസ് നൽകുന്നു. നാല് മാസം മുമ്പ് വരെ ഇല്ലാതിരുന്ന ആരോപണം ഇപ്പോൾ ഉന്നയിക്കുകയാണ്. ഇതിനെതിരെ ഞങ്ങൾ നിയമപോരാട്ടം നടത്തും’ -ചാനൽ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.