യു.പിയിലെ തെരഞ്ഞെടുപ്പ് തോൽവി; ചാനൽ ചർച്ചകൾ ബഹിഷ്കരിച്ച് ബി.എസ്.പി

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബഹുജൻ സമാജ് പാർട്ടി എക്കാലത്തെയും കുറഞ്ഞ സീറ്റാണ് ഇക്കുറി നേടിയത്. ഒരേ ഒരു സീറ്റ്. ബി.എസ്.പി നേതാവ് മായാവതി മാധ്യമങ്ങളുടെ 'ജാതി അജണ്ട'യെ കുറ്റപ്പെടുത്തി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ പാർട്ടി ടി. വി ചർച്ചകൾ ബഹിഷ്കരിക്കുമെന്നും അവർ പ്രഖ്യാപിച്ചു.

മാധ്യമങ്ങളുടെ സമീപനം തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ സാധ്യതകളെ ഇല്ലാതാക്കിയെന്ന് മായാവതി ട്വീറ്റ് ചെയ്തു.

"യു.പി നിയമസഭാ തെരഞ്ഞെടുപ്പിൽ അംബേദ്കറൈറ്റ് ബി.എസ്.പി പ്രസ്ഥാനത്തെ തകർക്കാൻ മാധ്യമങ്ങൾ അവരുടെ മേലധികാരികളിൽനിന്ന് ജാതീയ വിദ്വേഷവും വിദ്വേഷ മനോഭാവവും സ്വീകരിച്ച് നടത്തിയ പ്രവർത്തനങ്ങൾ ആരിൽ നിന്നും മറച്ചുവെക്കപ്പെടുന്നില്ല" -മായാവതി ട്വിറ്ററിൽ കുറിച്ചു. ബി.എസ്.പിയെ ബി.ജെ.പിയുടെ ബി ടീം ആണെന്ന് കാണിക്കുന്ന മാധ്യമങ്ങളുടെ ആക്രമണാത്മക പ്രചാരണമാണ് മുസ്‍ലിംകളെയും ബി.ജെ.പി വിരുദ്ധ വോട്ടർമാരെയും അതിൽ നിന്ന് പുറത്താക്കിയതെന്ന് മായാവതി വെള്ളിയാഴ്ച പറഞ്ഞിരുന്നു.

യു.പി തെരഞ്ഞെടുപ്പ് ഫലം ബി.എസ്.പിയുടെ പ്രതീക്ഷകൾക്ക് വിരുദ്ധമാണെന്ന് 66 കാരിയായ നേതാവ് പറഞ്ഞു.

"യു.പി തെരഞ്ഞെടുപ്പ് ഫലം ബി.എസ്.പിയുടെ പ്രതീക്ഷകൾക്ക് വിരുദ്ധമാണ്. അതിൽ തളരേണ്ടതില്ല. പകരം, അതിൽ നിന്ന് പാഠം ഉൾക്കൊണ്ട് ആത്മപരിശോധന നടത്തി പാർട്ടി പ്രസ്ഥാനം മുന്നോട്ട് കൊണ്ടുപോകണം, വീണ്ടും അധികാരത്തിൽ വരണം" -അവർ പറഞ്ഞു.

Tags:    
News Summary - Mayawati's Party Boycotts TV Debates Over 'Media Campaign' In UP Polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.