യു.പിയിലെ അറവ്​ നിരോധനം: പട്ടിണിയിലായി മൃഗശാലയിലെ വന്യമൃഗങ്ങൾ

ലഖ്നോ: ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം അറവുശാലകൾ പൂട്ടിയതോടെ മൃഗശാലകളിലെ വന്യമൃഗങ്ങൾ പട്ടിണിയിലായി. കാൺപൂർ സുവോളജിക്കൽ പാർക്ക്, ലഖ്നോ മൃഗശാല, ഇത്വാ ലയൺ സഫാരി മൃഗശാലകളിലെ സിംഹങ്ങളും പുലികളുമടങ്ങുന്ന വന്യജീവികളാണ് മാംസാഹാരം ലഭിക്കാതെ പട്ടിണിയിലായത്.

ഇത്വാ ലയൺ സഫാരിയിൽ മൂന്നു ജോഡി സിംഹങ്ങളും മൂന്ന് സിംഹകുട്ടികളുമുണ്ട്. ഇവക്ക് ഒരോന്നിനും 8 മുതൽ 10 കിലോവരെ മാട്ടിറച്ചിയാണ് ദിവസവും ഭക്ഷണമായി നൽകികൊണ്ടിരുന്നത്. അറവുശാലകൾ പൂട്ടിയതോടെ മൃഗശാല അധികൃതർ കോഴിയിറച്ചിയെത്തിച്ച് വിതരണം തുടങ്ങിയെങ്കിലും സിംഹങ്ങൾ അത് നിരസിച്ചതായാണ് റിപ്പോർട്ട്. സിംഹങ്ങൾക്ക് കോഴി-ആട്ടിറച്ചി നൽകുന്നുണ്ടെങ്കിലും അവ അതു കഴിക്കാൻ തയാറാകുന്നില്ല.  കൊഴുപ്പും രക്തവും കുറഞ്ഞ മാംസാഹാരങ്ങളിൽ ഇത്തരം വന്യജീവികൾക്ക് താൽപര്യമില്ലെന്നത് അറിയാം. എന്നാൽ അറവുശാലകൾ പൂട്ടിയതോടെ മാട്ടിറച്ചി എത്തിക്കാൻ കഴിയുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി.

നവാബ് വാജിദ്അലി ഷാ പ്രാണി ഉദ്യാൻ എന്ന ലഖ്നോ മൃഗശാലയിലെയും സ്ഥിതി വിഭിന്നമല്ല. സിംഹം, ചീറ്റപുലി, കടുവ, വരയൻ പുലി, കഴുതപ്പുലി, ചെന്നായ,കുറുനരി എന്നിയ ഉൾപ്പെടെ അമ്പതോളം വന്യമൃഗങ്ങളാണ് ലഖ്നോ മൃഗശാലയിലുള്ളത്. ഇവക്കുള്ള തീറ്റയായി 235 കിലോ മാട്ടിറച്ചിയാണ് ദിനംപ്രതി ഇവിടെ എത്തിയിരുന്നത്. എന്നാൽ മാംസം കിട്ടാതായതോടെ മൃഗങ്ങൾ പട്ടിണിയിലേക്ക് നീങ്ങുന്ന അവസഥയാണെന്ന് മൃഗശാല ഡയറക്ടർ ഡോ.അനുപം ഗുപ്ത പറഞ്ഞു. കോഴിയും ആട്ടിറച്ചിയും വിതരണം ചെയ്യുന്നുണ്ടെങ്കിലും മൃഗങ്ങൾക്ക് തൃപ്തിയാകുന്നില്ല. പല മൃഗങ്ങളും ഇത്തരം ഇറച്ചികൾ കഴിക്കുന്നില്ല. അറവുശാലകൾ പഴയതുപോലെ പ്രവർത്തിക്കുമെന്ന പ്രതീക്ഷയിലാണെന്നും അദ്ദേഹം പറഞ്ഞു.

കാൺപൂരിലെ അലൻ ഫോറസ്റ്റ് മൃശശാലയിൽ 70ഒാളം മാംസബുക്കുകളാണുള്ളത്. ഇവക്കെല്ലാം കഴിഞ്ഞ രണ്ടുദിവസമായി കോഴിയിറച്ചിയാണ് നൽകികൊണ്ടിരിക്കുന്നത്. എന്നാൽ ചുവന്ന മാംസാഹാരങ്ങൾ ഭക്ഷിച്ചു ശീലിച്ച സിംഹങ്ങൾ വെളുത്ത മാംസം തീരെ കഴിക്കുന്നില്ല. കാൺപൂർ മൃഗശാലയിൽ ഗർഭിണിയായ പെൺസിംഹവുമുണ്ട്. ഇവയും മറ്റ് ഇറച്ചികൾ കഴിക്കാതെ പട്ടിണി കിടക്കുകയാണെന്ന് മൃഗശാല അധികൃതർ പറയുന്നു.

150 കിലോ മാട്ടിറച്ചിയാണ് ഇവിടെ ദിനംപ്രതി എത്തിച്ചിരുന്നത്. ആൺ വർഗത്തിലുള്ള മാംസഭോജികൾക്ക് 12 കിലോ ഇറച്ചിയും പെൺവർഗങ്ങൾക്ക് 10 കിലോ ഇറച്ചി വീതവുമാണ് നൽകികൊണ്ടിരുന്നത്. കാൺപൂർ മുനിസിപ്പൽ കോർപറേഷനിലുള്ള നാല് അറവുശാലകളും പൂട്ടിയതോടെ മൃഗങ്ങൾക്കുള്ള ഇറച്ചി എത്തിക്കുന്നത് കരാറുകാർ നിർത്തി. പല മൃഗങ്ങളും മറ്റ് ഇറച്ചികൾ രുചിക്കുന്നതു പോലുമില്ലെന്നും ഇത്തരത്തിൽ മുന്നോട്ടു പോയാൽ അവയുടെ നിലനിൽപിന് ഭീഷണിയാവുമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.

 

Tags:    
News Summary - Meat Shortage Hits UP Zoos

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.