തൃശൂര്‍: കർശനമായ ഇടപെടലിലൂടെ കശ്മീരിലെ മാധ്യമങ്ങളെ വെൻറിലേറ്ററിൽ ആക്കിയിരിക്കുകയാണെന്ന് ‘കശ്മീര്‍ ടൈംസ്’ എഡിറ്റര്‍ അനുരാധ ബാസിന്. കേരള പത്രപ്രവര്‍ത്തക യൂനിയനും കേരള മീഡിയ അക്കാദമിയും സംയുക്തമായി തൃശൂർ ജവഹര്‍ ബാലഭവനില്‍ സംഘടിപ്പിച്ച ‘മാധ്യമ സ്വാതന്ത്ര്യം കശ്മീരിനായി’ സെമിനാറിൽ സംസാരിക്കുകയായിരുന്നു അവർ.
നാല് മാസമായി ഇൻറർനെറ്റ്, സോഷ്യൽ മീഡിയ സേവനം കശ്മീരിൽ ലഭിക്കുന്നില്ല. മീഡിയ റൂമിൽ സർക്കാർ സജ്ജീകരിച്ച ഏഴ് കമ്പ്യൂട്ടറിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ വെച്ചാണ് എല്ലാ മാധ്യമങ്ങളും പ്രവർത്തിക്കേണ്ടത്. ഒരാൾക്ക് 15 മിനിറ്റ് മാത്രമാണ് ലഭിക്കുക. മാധ്യമ പ്രവർത്തകരിൽ ഭൂരിഭാഗവും ഇന്ന് തൊഴിൽരഹിതരാണ്. ജീവൻ വേണോ പ്രഫഷൻ വേണോ എന്നതാണ് മാധ്യമ പ്രവർത്തകർ നേരിടുന്ന ചോദ്യമെന്നും അവർ പറഞ്ഞു. മന്ത്രി വി.എസ്. സുനില്‍കുമാർ സെമിനാർ ഉദ്ഘാടനം ചെയ്തു.
മീഡിയ അക്കാദമി ചെയര്മാന് ആർ.എസ്. ബാബു അധ്യക്ഷത വഹിച്ചു. ദേശാഭിമാനി ചീഫ് എഡിറ്റര്‍ പി.രാജീവ്, ‘ഫ്രണ്ട് ലൈൻ’ എഡിറ്റര്‍ വെങ്കടേഷ് രാമകൃഷ്ണൻ, പത്രപ്രവർത്തക യൂനിയൻ ജനറൽ സെക്രട്ടറി സി. നാരായണൻ, എം.വി. വിനീത തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.