തിരുവനന്തപുരം: റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രെയ്നിൽനിന്ന് മടങ്ങിയ മെഡിക്കൽ വിദ്യാർഥികൾക്ക് അഞ്ച് അയൽ രാജ്യങ്ങളിൽ പഠനസൗകര്യമൊരുക്കുമെന്ന വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ പ്രഖ്യാപനത്തെ എതിർത്ത് വിദ്യാർഥികളും രക്ഷാകർത്താക്കളും. ഹംഗറി, റുമാനിയ, കസാഖ്സ്താൻ, പോളണ്ട്, ചെക്ക് റിപ്പബ്ലിക് എന്നിവിടങ്ങളിൽ പഠനസൗകര്യമൊരുക്കുന്നതിന്റെ സാധ്യതയാണ് വിദേശകാര്യമന്ത്രി പറഞ്ഞത്. എന്നാൽ, വൻ തുക ഫീസ് കൊടുത്ത് പഠിക്കേണ്ട രാജ്യങ്ങളാണ് ഇവ അഞ്ചും. റുമാനിയയിൽ മെഡിക്കൽ പഠനത്തിന് പ്രതിവർഷം 20 ലക്ഷം രൂപയാണ് ചെലവെന്ന് യുക്രെയ്നിൽനിന്ന് മടങ്ങിയ വിദ്യാർഥികൾ പറയുന്നു.
മറ്റ് നാല് രാജ്യങ്ങളിലും ശരാശരി 15 ലക്ഷത്തോളം രൂപയാണ് വാർഷിക ഫീസ്. ഇന്ത്യയിലെ സ്വകാര്യ മെഡിക്കൽ കോളജുകളിലെ ഫീസ് നൽകാൻ കഴിയാത്തതിനെ തുടർന്നാണ് നല്ലൊരു ശതമാനം കുട്ടികളും യുക്രെയ്നിൽ എത്തിയത്.
യുക്രെയ്നിൽ പരമാവധി നാല് ലക്ഷം രൂപയാണ് വാർഷിക ഫീസ്. വിദേശകാര്യമന്ത്രി പറഞ്ഞ അഞ്ച് രാജ്യങ്ങളിലും യുക്രെയ്നെ അപേക്ഷിച്ച് ജീവിതച്ചെലവും ഉയർന്നതാണ്. ഇന്ത്യയിലെ ഫീസ് താങ്ങാനാകാതെ യുക്രെയ്നിലെത്തിയ തങ്ങളെ അതിനെക്കാൾ ഉയർന്ന ഫീസിൽ പഠിക്കാൻ മറ്റ് രാജ്യങ്ങളിലേക്ക് വിടുന്നത് അംഗീകരിക്കാനാകില്ലെന്ന് വിദ്യാർഥികൾ പറയുന്നു.
മടങ്ങിവന്നവരിൽ ഭൂരിഭാഗം വിദ്യാർഥികൾക്കും പുതുതായി നിർദേശിച്ച അഞ്ച് രാജ്യങ്ങളിലെ ഫീസും ജീവിതച്ചെലവും താങ്ങാനാകില്ലെന്ന് രക്ഷാകർത്താക്കളും പറയുന്നു. ഇന്ത്യയിൽ നിലവിലുള്ള സൗകര്യങ്ങൾ ഉപയോഗിച്ച് തുടർപഠനത്തിനും ക്ലിനിക്കൽ പരിശീലനത്തിനും സൗകര്യമൊരുക്കാനാണ് കേന്ദ്രസർക്കാർ തീരുമാനമെടുക്കേണ്ടതെന്നും വിദ്യാർഥികൾ പറയുന്നു.
വിദേശത്ത് പഠിക്കുന്നവരെല്ലാം നീറ്റ് യോഗ്യത നേടിയവരാണ്. ഫീസ് താങ്ങാനാകാതെ ഇന്ത്യക്ക് പുറത്ത് പഠിക്കാൻ പോയ തങ്ങളെ യുദ്ധപ്രതിസന്ധിയേക്കാൾ വലിയ പ്രതിസന്ധിയിലേക്കാണ് കേന്ദ്രസർക്കാർ തള്ളിവിടുന്നത്. നടപടികൾ വൈകിയാൽ അധ്യയനവർഷം നഷ്ടപ്പെടുമെന്നും വിദ്യാർഥികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.