ന്യൂഡൽഹി: രണ്ടുമാസത്തിനപ്പുറം നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പും രാജ്യസഭാ തെരഞ്ഞെടുപ്പും മുന്നിൽ കണ്ട് അമിത്ഷാ, ജെ.പി. നദ്ദ എന്നിവരുൾപ്പെടെ ബി.ജെ.പിയുടെ മുതിർന്ന നേതാക്കൾ യോഗം ചേർന്നു. യോഗം നാലു മണിക്കൂർ നീണ്ടു. നിലവിലെ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 25ന് അവസാനിക്കുകയാണ്. പുതിയ സ്ഥാനാർഥിയെ കണ്ടെത്താനും മറ്റു പാർട്ടികളുടെ പിന്തുണ സംബന്ധിച്ചും ചർച്ച ചെയ്യുന്നതിനാണ് യോഗം ചേർന്നത്.
ജൂൺ 10നാണ് 57 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക. രാജ്യസഭയിൽ ബി.ജെ.പിക്ക് 48.9 ശതമാനം വോട്ടുകളും പ്രതിപക്ഷ പാർട്ടികൾക്ക് 51.1 ശതമാനം വോട്ടുകളും ഉണ്ട്. ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ ബിജു ജനതാദളിന്റെയോ അല്ലെങ്കിൽ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ വൈ.എസ്.ആർ കോൺഗ്രസിന്റെയോ സഹായമുണ്ടെങ്കിൽ ബി.ജെ.പിക്ക് അവരുടെ രാഷ്ട്രപതി സ്ഥാനാർഥിയെ വിജയിപ്പിക്കാം.
2024 പൊതു തെരഞ്ഞെടുപ്പിൽ കോൺഗ്രസ്, ബി.ജെ.പി ഇതര മുന്നണിക്കായി ശ്രമിക്കുന്ന കെ. ചന്ദ്രശേഖര റാവു അതിന്റെ മുന്നൊരുക്കമായാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിനെ കാണുന്നത്. പ്രധാന പ്രതിപക്ഷ നേതാക്കളെ കണ്ട് അദ്ദേഹം പിന്തുണ തേടുന്നുണ്ട്.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ഉദ്ധവ് താക്കറെ, ശരത് പവാർ, അഖിലേഷ് യാദവ് എന്നിവരുമായി ചന്ദ്രശേഖര റാവു സംസാരിച്ചു. എം.കെ. സ്റ്റാലിൻ, മമത ബാനർജി എന്നിവരുമായി ഫോണിലും ബന്ധപ്പെട്ടിട്ടുണ്ട്. ബിഹാറിലെ നിതീഷ് കുമാറിനെയും തേജസ്വി യാദവിനെയും കാണാനും കർണാടകയിൽ എച്ച്.ഡി. ദേവഗൗഡയുടെ പിന്തുണ തേടാനും തീരുമാനമുണ്ട്.
അതേസമയം, പ്രാദേശിക പാർട്ടികൾ ആദർശ രാഹിത്യം നേരിടുന്നുവെന്ന രാഹുൽ ഗാന്ധിയുടെ പരാമർശം ആർ.ജെ.ഡി പോലുള്ള കോൺഗ്രസ് ഘടക കക്ഷികളെപ്പോലും പിണക്കിയിരിക്കുന്ന സാഹചര്യമാണുള്ളത്. രാഷ്ട്രപതി സ്ഥാനാർഥിയെ വിജയിപ്പിക്കാനുള്ള കോൺഗ്രസിന്റെ സാധ്യതയാണ് ഈ പരാമർശത്തിൽ തൂങ്ങി നിൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.