കോൺഗ്രസ് ലോക്സഭ കക്ഷി നേതാവും പശ്ചിമ ബംഗാൾ കോൺഗ്രസ് അധ്യക്ഷനുമായ അധീർ രഞ്ജൻ ചൗധരിയുടെ പുതിയ പ്രസ്താവന രാഷ്്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നു. ബി.ജെ.പി ഏൽപ്പിക്കുന്ന പരിക്കുകളിൽനിന്നും രക്ഷപ്പെടാനായി തൃണമൂൽ കോൺഗ്രസിൻെ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ലയിപ്പിക്കണമെന്ന് മമതയോട് അധീർ രഞ്ജൻ ആവശ്യപ്പെട്ടിരുന്നു.
1998ലാണ് കോൺഗ്രസിൽ നിന്നും മമത ബാനർജിയടക്കമുള്ള നേതാക്കൾ പൂറത്തുവന്ന ശേഷം തൃണമൂൽ കോൺഗ്രസ് രൂപീകരിച്ചത്. 2011ൽ തൃണമൂൽ കോൺഗ്രസ്-ഇന്ത്യൻ നാഷണൽ കോൺഗ്രസ് സഖ്യം ബംഗാളിലെ 34 വർഷത്തെ ഇടതുഭരണത്തിന് അന്ത്യംകുറിച്ചിരുന്നു.
''ഓരോ ദിവസവും ഒാരോരുത്തരായി പാർട്ടിവിട്ടുകൊണ്ടിരിക്കുന്നു. ഇത് തെളിയിക്കുന്നത് ബി.ജെ.പിയെ എതിർക്കാനുള്ള ഒരു പ്രത്യയ ശാസ്ത്ര അടിത്തറ നിങ്ങളുടെ പാർട്ടിക്കില്ലെന്നതാണ്. അതുകൊണ്ട് തന്നെ നിങ്ങൾ തൃണമൂലിനെ കോൺഗ്രസിൽ ലയിപ്പിക്കണം. ഇത് നിങ്ങൾക്ക് ബി.ജെ.പിയെ എതിർക്കാനുള്ള ഒരു സൈദ്ധാന്തിക അടിത്തറ നൽകും'' -ചൗധരി മമതയോട് ആവശ്യപ്പെട്ടു.
''തൃണമൂലിന്‍റെ ഉദയം ഇടതുമുന്നണിയെ അധികാരത്തിൽ നിന്നും പുറത്താക്കുക എന്നതായിരുനു. അത് നിറവേറ്റിയതോടെ തൃണമൂലിന് ദിശാബോധം നഷ്ടപ്പെട്ടിരിക്കുന്നു''-ചൗധരി കൂട്ടിച്ചേർത്തു.
വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബംഗാളിൽ സി.പി.എമ്മും കോൺഗ്രസും ഒരുമിച്ച് മത്സരിക്കാനൊരുങ്ങവേയാണ് ചൗധരിയുടെ പ്രസ്താവന. 2016ലെ തെരഞ്ഞെടുപ്പിൽ 294 ൽ 76 സീറ്റാണ് സഖ്യം നേടിയത്. ഈ മാസം അവസാനത്തോടെ മാത്രമേ മത്സരിക്കുന്ന സീറ്റുകളിൽ ധാരണയിലെത്തൂവെന്ന് ചൗധരി ഇന്ന് ചർച്ചക്കുശേഷം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.