നഷ്ടമാകുന്നത് അദ്ദേഹത്തിന്റെ വാത്സല്യം; മൻമോഹൻ സിങ്ങിന്റെ വിയോഗത്തിൽ മമത

കൊൽക്കത്ത: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ വിയോഗത്തിൽ അനുശോചിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നഷ്ടമാകുന്നത് അദ്ദേഹത്തിന്റെ വാത്സല്യമാണെന്ന് മമത പറഞ്ഞു. മുൻ പ്രധാനമന്ത്രിയുടെ കുടുംബത്തെ അവർ അനുശോചനം അറിയിക്കുകയും സിങ്ങിനൊപ്പം ജോലി ചെയ്ത ദിവസങ്ങൾ അനുസ്മരിക്കുകയും ചെയ്തു.

‘നമ്മുടെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് ജിയുടെ പെട്ടെന്നുള്ള വിയോഗത്തിൽ അഗാധമായി സ്തംഭിക്കുകയും ദുഃഖിക്കുകയും ചെയ്യുന്നു. ഞാൻ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുകയും കേന്ദ്രമന്ത്രിസഭയിൽ വളരെ അടുത്തുനിന്ന് അദ്ദേഹത്തെ കാണുകയും ചെയ്തിട്ടുണ്ട്. ആ പാണ്ഡിത്യവും വിവേകവും ചോദ്യം ചെയ്യാനാവാത്തതായിരുന്നു. സാമ്പത്തിക പരിഷ്കാരങ്ങളുടെ ആഴംകൊണ്ട് രാജ്യത്ത് അദ്ദേഹം പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നുവെന്നും മമത ‘എക്‌സി’ൽ എഴുതി. രാജ്യത്തിന് അദ്ദേഹത്തിന്റെ കാര്യസ്ഥൻ നഷ്ടപ്പെടും. അദ്ദേഹത്തിന്റെ വാത്സല്യവും എനിക്ക് നഷ്ടമാകും. കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുയായികൾക്കും എന്റെ ആത്മാർത്ഥ അനുശോചനം’- അവർ കൂട്ടിച്ചേർത്തു.

പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസും മുൻ പ്രധാനമന്ത്രിയുമായുള്ള ബന്ധം അനുസ്മരിക്കുകയും വിയോഗത്തെ വ്യക്തിപരമായ നഷ്ടം എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ‘ഞാൻ ആണവോർജ വകുപ്പിൽ ജോയിന്റ് സെക്രട്ടറിയായിരിക്കെ പ്രധാനമന്ത്രി എന്ന നിലയിൽ വകുപ്പിന്റെ ചുമതല അദ്ദേഹം വഹിച്ചിരുന്നു. ആറ്റോമിക് എനർജി എജുക്കേഷൻ സൊസൈറ്റിയുടെ ചെയർമാനുമായിരുന്നു ഞാൻ. ഡോ. സിങ് ആഗ്രഹിച്ചതിനാൽ എന്നെ സാംസ്കാരിക വകുപ്പിൽ ‘നാഷണൽ മയൂസിയ’ത്തിലേക്ക് അയച്ചുവെന്നും ആനന്ദ ബോസ് പറഞ്ഞു. അദ്ദേഹം ആണവോർജ്ജ വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായിരുന്നതിനാൽ എനിക്ക് കാര്യങ്ങൾ വിവരിക്കാൻ അവസരം ലഭിച്ചു. വളരെ ക്ഷമയോടെ കേൾക്കുകയും ഏത് കാര്യവും വ്യക്തമാക്കാൻ ആവശ്യമായ ചോദ്യങ്ങൾ മാത്രം ചോദിക്കുകയും ചെയ്യുമായിരുന്നു. ഇത്രയും വിനയാന്വിതനായ ഒരാളെ ഞാൻ കണ്ടിട്ടില്ല. ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനായി വിരമിച്ചതിനു ശേഷം അദ്ദേഹം ഒരു പ്രഫസറെപ്പോലെയായിരുന്നു എനിക്ക്  -ബോസ് പറഞ്ഞു.

തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും സിങ്ങിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. ‘ഇന്ത്യക്ക് അതിന്റെ ഏറ്റവും മികച്ച രാഷ്ട്രതന്ത്രജ്ഞനെ നഷ്ടപ്പെട്ടിരിക്കുന്നു. ഡോ. മൻമോഹൻ സിങ്ങി​ന്റെ പാരമ്പര്യം അദ്ദേഹം പ്രധാനമന്ത്രിയായിരുന്ന കാലഘട്ടത്തിനപ്പുറമാണ്. നമ്മുടെ രാജ്യത്തിന്റെ ഭാവിയെ പുനർനിർമിച്ച സാമ്പത്തിക പരിഷ്കാരങ്ങളുടെ ശിൽപിയായ ഡോ. സിങ് ശാന്തമായ ശക്തിയോടെ നയിച്ചു -ബാനർജി ‘എക്‌സി’ൽ പോസ്റ്റ് ചെയ്തു.

മുൻ കോൺഗ്രസ് എം.പിയും മുതിർന്ന രാഷ്ട്രീയ നേതാവുമായ പ്രദീപ് ഭട്ടാചാര്യ സിങ്ങിന്റെ ജ്ഞാനവും ആഴത്തിലുള്ള അറിവും കൊണ്ട് താൻ എത്രമാത്രം ‘ഹിപ്നോ​​ൈട്ടസ്’ ചെയ്യപ്പെട്ടുവെന്ന് അനുസ്മരിച്ചു. അദ്ദേഹം ഒരു മികച്ച സാമ്പത്തിക വിദഗ്ധൻ മാത്രമല്ല. വളരെ നല്ല മനുഷ്യൻ കൂടിയായിരുന്നു. വളരെ സത്യസന്ധനായ വ്യക്തിയായിരുന്നു. പാർലമെന്റിൽ മാത്രമല്ല. പുറത്തും അദ്ദേഹത്തിന്റെ നിരവധി പ്രസംഗങ്ങൾ ഞങ്ങൾ കേട്ടിട്ടുണ്ട്. അദ്ദേഹം രാജ്യത്തെ അതിയായി സ്‌നേഹിച്ചിരുന്നു. മറ്റ് വിഷയങ്ങളിലും ആഴത്തിലുള്ള അറിവുണ്ടായിരുന്നു. പെട്ടെന്നുള്ള വിയോഗം രാജ്യത്തിന് വലിയ നഷ്ടമാണ് - ഭട്ടാചാരി കൂട്ടിച്ചേർത്തു.

‘അദ്ദേഹം ഞങ്ങൾക്ക് ഒരു വിശുദ്ധനെപ്പോലെയായിരുന്നു. ഞാൻ അദ്ദേഹത്തെ വളരെ അടുത്ത് കാണുകയും അദ്ദേഹത്തിന്റെ ജ്ഞാനത്തിലും അറിവിലും അദ്ഭുതപ്പെടുകയും ചെയ്തു -കോൺഗ്രസ് നേതാവും മുൻ എം.പിയുമായ അധീർ രഞ്ജൻ ചൗധരി അനുസ്മരിച്ചു.

Tags:    
News Summary - 'Will miss his affection': Bengal CM Mamata Banerjee on Manmohan Singh's death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.