കൊൽക്കത്ത: മുൻ രാജ്യസഭാ അംഗവും ബോളിവുഡ് നടനുമായ മിഥുൻ ചക്രവർത്തി മുസ്‍ലിംകളെ ലക്ഷ്യമിട്ട് നടത്തിയ കൊലവിളി പ്രസംഗത്തിൽ കേസെടുത്ത് കൊൽക്കത്ത പൊലീസ്. ജാതിമത ചിന്തകൾക്കതീതമായി ഇന്ത്യക്കാർ ഏറെ ഇഷ്ടപ്പെട്ടിരുന്ന ബോളിവുഡ് സൂപ്പർ താരം ഒരു സമുദായത്തിനെതിരെ നടത്തിയ കൊലവിളിയിൽ അതിശയിക്കുകയാണ് രാജ്യം. ഒക്ടോബർ 27ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത ബി.ജെ.പി അംഗത്വ കാമ്പയിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു നടന്‍റെ കൊടിയ വിദ്വേഷ പ്രസംഗം.
ഈമാസം 13ന് സംസ്ഥാനത്തെ ആറു നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയായിരുന്നു ബി.ജെ.പിയുടെ യോഗം. ഈ സദസ്സിൽ നടത്തിയ കൊലവിളിക്കെതിരെ തിങ്കളാഴ്ച വൈകീട്ടാണ് ഒരാൾ പരാതി നൽകിയത്. സുരക്ഷാപരമായ കാരണങ്ങളാൽ പരാതി നൽകിയ ആളുടെ പേരുവിവരം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. സമൂഹത്തിൽ വിദ്വേഷം പരത്താൻ ശ്രമിച്ച സൂപ്പർതാരത്തിനെതിരെ കേസെടുക്കണമെന്നാണ് പരാതിയിൽ ഉന്നയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
ബംഗാളിൽ അധികാരത്തിനുവേണ്ടി പാർട്ടി എന്തിനും തയാറാണെന്നും മുസ്‍ലിംകളെ വെട്ടി കുഴിച്ചുമൂടുമെന്നായിരുന്നു മിഥുൻ ചക്രവർത്തിയുടെ പരാമർശം. മാസങ്ങൾക്ക് മുമ്പ് ബി.ജെ.പിക്കെതിരെ തൃണമൂൽ കോൺഗ്രസ് നേതാവ് ഹുമയൂൺ കബീർ പ്രകോപനപരമായ പ്രസ്താവന നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് മിഥുന്‍റെ കൊലവിളി.
‘ഹുമയൂൺ കബീറിന്റെ പ്രസ്താവനയെക്കുറിച്ച് മുഖ്യമന്ത്രി മമതാ ബാനർജി എന്തെങ്കിലും പറയുമെന്ന് കരുതി. എന്നാൽ, അതുണ്ടായില്ല. അതുകൊണ്ട് ഇപ്പോൾ ഞാൻ പറയുന്നു, ഞങ്ങൾ അവരെ വെട്ടിയിട്ട് മണ്ണിനടിയിൽ കുഴിച്ചുമൂടും’ -മിഥുൻ ചക്രവർത്തി പറഞ്ഞു.
ഞങ്ങളുടെ മരത്തിൽനിന്ന് ഒരു പഴം മുറിച്ചാൽ പകരം നിങ്ങളുടെ നാല് പഴങ്ങൾ മുറിക്കും. ഭഗീരഥി നദിയെ വിശുദ്ധമായി കണക്കാക്കുന്നതിനാൽ മൃതദേഹം (മുസ്‍ലിംകളുടെ) അവിടെ സംസ്കരിക്കില്ല. അതിന് പകരം നിങ്ങളുടെ സ്ഥലത്ത് കുഴിച്ചിടും. അധികാരം ലഭിക്കാൻ തങ്ങൾ എന്തും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മിഥുൻ ചക്രവർത്തിയുടെ പ്രസംഗത്തെ ‘ജയ് ശ്രീറാം’ വിളികളോടെയാണ് സദസ്സ് സ്വീകരിച്ചത്. പ്രസംഗത്തിനെതിരെ സമൂഹ മാധ്യമങ്ങളിലടക്കം വലിയ വിമർശനമാണ് ഉയരുന്നത്.
സീതായ്, മദാരിഹത്ത്, നൈഹാത്തി, ഹരോവ, മേദിനിപൂർ, തൽദൻഗ്ര എന്നീ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മദാരിഹത്ത് ഒഴികെ അഞ്ചിലും ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസാണ് ജയിച്ചത്. രണ്ടു സീറ്റെങ്കിലും ടി.എം.സിയിൽനിന്ന് പിടിച്ചെടുക്കാമെന്ന പാർട്ടി കണക്കുകൂട്ടലുകൾക്ക് മിഥുന്‍റെ വിദ്വേഷ പരാമർശം തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് പാർട്ടി. ന്യൂനപക്ഷ വോട്ടുകൾ ഉൾപ്പെടെ പാർട്ടിയെ കൈവിട്ടേക്കുമെന്ന് ബി.ജെ.പി ഭയക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.