മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, മഹായുതി സഖ്യത്തിലെ സീറ്റ് വിഭജനം സംബന്ധിച്ച തർക്കം തുടരുന്നു. അതിനിടെ, പാർട്ടി നിർദേശങ്ങളും അച്ചടക്കവും ലംഘിച്ചതിന് 37 മണ്ഡലങ്ങളിൽ നിന്നുള്ള 40 നേതാക്കളെ ബി.ജെ.പി പുറത്താക്കി. 'ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങൾ വഹിക്കുമ്പോഴും നിങ്ങൾ പാർട്ടിയുടെ പെരുമാറ്റച്ചട്ടം പാലിച്ചിക്കാതെ അച്ചടക്ക ലംഘനം നടത്തിയിരിക്കുന്നു. പാർട്ടിയുടെ തത്വത്തിന് എതിരായി പ്രവർത്തിച്ചത് കണക്കിലെടുത്ത് നിങ്ങളെ പുറത്താക്കുകയാണ്.'-എന്നാണ് മഹാരാഷ്ട്ര ബി.ജെ.പി ഓഫിസ് സെക്രട്ടറി മുകുൾ കുൽകർണി ഒപ്പുവെച്ച നോട്ടീസിൽ പറയുന്നത്.
പുറത്താക്കിയ 40 അംഗങ്ങളുടെ പേരും ബി.ജെ.പി പുറത്തുവിട്ടു. പ്രമുഖ നേതാക്കളായ ജൽന മണ്ഡലത്തിലെ അശോക് പംഗാർക്കർ, സാവന്ത്‍വാദി മണ്ഡലത്തിലെ വിശാൽ പ്രഭാകർ, ജൽഗാവോൺ നഗരത്തിലെ മയൂർ കപ്സെ, അമരാവതിയിലെ ജഗദീഷ് ഗുപ്, ധുലെ റൂറലിലെ ശ്രീകാന്ത് കർലെ എന്നിവർ പട്ടികയിലുണ്ട്. ശ്രീകാന്ത് കർലെ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകിയിരുന്നു.
സീറ്റ് ലഭിക്കാത്ത പല പ്രമുഖരും സ്വതന്ത്രരായി മത്സരിക്കാൻ പത്രിക നൽകിയത് ബി.ജെ.പിക്ക് കടുത്ത തലവേദനയായിരുന്നു. മഹായുതി സഖ്യത്തിൽ ഏറ്റവും കൂടുതൽ വിമതരുള്ളത് ബി.ജെ.പിയിൽ നിന്നാണ്. നവംബർ നാലിനായിരുന്നു പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ഇവരുടെ പത്രിക പിൻവലിപ്പിക്കാനുള്ള അനുനയ നീക്കവും അണിയറയിൽ സജീവമായി നടക്കുന്നുണ്ട്. പത്രിക പിൻവലിക്കാൻ തയാറാകാത്തവർക്കെതിരെ അച്ചടക്ക നടപടിയെടുക്കുമെന്നും ബി.ജെ.പി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സമ്മർദങ്ങൾക്കൊടുവിൽ പത്രിക പിൻവലിക്കാമെന്ന് ബി.ജെ.പി നേതാവ് ഗോപാൽ ഷെട്ടി സമ്മതിച്ചു. രണ്ടുതവണ എം.പിയായ തന്നെ നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി പരിഗണിക്കാതിരുന്നതിനെ തുടർന്നാണ് ഷെട്ടി സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചത്.
അതിനിടെ, തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മഹായുതി സഖ്യം ചൊവ്വാഴ്ച പ്രകടന പത്രിക പുറത്തിറക്കിയിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാർ എന്നിവർ ചേർന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.