ബി.ജെ.പിയെ തോൽപ്പിച്ച് ഇൻഡ്യ സഖ്യം രാജ്യത്തെ രക്ഷിക്കും -സ്റ്റാലിൻ

ന്യൂഡൽഹി: 10 വർഷമായി അധികാരത്തിലുള്ള ഫാഷിസ്റ്റ് സർക്കാറിനെ തോൽപ്പിച്ച് ഇൻഡ്യ സഖ്യം രാജ്യത്തെ രക്ഷിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ സ്റ്റാലിൻ. ജനങ്ങളുടെ പ്രതീക്ഷക്കൊത്തുള്ള വിജയം ഇൻഡ്യ സഖ്യത്തിന് ഉണ്ടാവുമെന്നും സ്റ്റാലിൻ പറഞ്ഞു.

ബി.ജെ.പിക്കെതിരെയുള്ള ജനാധിപത്യ ശക്തികളുടെ കൂട്ടായ്മയാണ് ഇൻഡ്യ സഖ്യം. ഇതുവരെ ബി.ജെ.പിയെ എതിർക്കാൻ ആരുമുണ്ടാവില്ലെന്നാണ് അവർ വിചാരിച്ചിരുന്നത്. എന്നാൽ, ഇൻഡ്യ സഖ്യം ജനങ്ങൾക്ക് പുതിയ പ്രതീക്ഷകൾ നൽകിയെന്നും സ്റ്റാലിൻ പറഞ്ഞു.

വിശ്രമമില്ലാതെ പ്രചാരണം വഴി ബി.ജെ.പിയുടെ നുണക്കോട്ട പൊളിക്കാൻ ഇൻഡ്യ സഖ്യത്തിലെ നേതാക്കൾക്ക് കഴിഞ്ഞിട്ടുണ്ട്. നമ്മുടെ വിജയത്തിന് ഇനി മൂന്ന് ദിവസം മാത്രമാണ് ബാക്കിയുള്ളത്. വോട്ടെണ്ണൽ പൂർത്തിയാകുന്നത് വരെ മുഴുവൻ പ്രവർത്തകരും ജാഗ്രതയോടെയിരിക്കണമെന്നും സ്റ്റാലിൻ പറഞ്ഞു.

ജൂൺ നാല് പുതിയ ഉദയത്തിന് തുടക്കമാകും. ഇൻഡ്യ നേതാക്കളുടെ യോഗത്തിൽ ഡി.എം.കെയെ പ്രതിനിധീകരിച്ച് പാർലമെന്ററി പാർട്ടി നേതാവ് ടി.ആർ ബാലു പ​ങ്കെടുക്കുമെന്നും സ്റ്റാലിൻ പറഞ്ഞു. നേരത്തെ ഇൻഡ്യ സഖ്യം വിജയിക്കുമെന്ന പ്രതീക്ഷയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും രംഗത്തെത്തിയിരുന്നു.

ഇന്ന് ലോക്സഭ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നടക്കുകയാണ്. ഇതുവരെയുള്ള ട്രെൻഡ് വ്യക്തമാണ്. ഇൻഡ്യ മുന്നണി രാജ്യത്ത് സർക്കാർ രുപീകരിക്കാൻ പോവുകയാണ്. കടുത്ത ചൂടിനേയും അവഗണിച്ച് ജനാധിപത്യത്തേയും ഭരണഘടനയേയും സംരക്ഷിക്കാൻ നിങ്ങൾ വോട്ട് ചെയ്യാൻ വരുന്നത് അഭിമാനകരമായ കാര്യമാണെന്നും രാഹുൽ എക്സിൽ കുറിച്ചു.

ഇന്നും നിങ്ങൾ ഒരുമിച്ചെത്തി വോട്ട് ചെയ്യണം. ധാർഷ്ട്യത്തിന്റെ സ്വേച്ഛാധിപത്യത്തിന്റേയും പ്രതീകമായി മാറിയ ഈ സർക്കാരിന് അവസാന പ്രഹരം നൽകണമെന്നും രാഹുൽ ഗാന്ധി ജനങ്ങളോട് അഭ്യർഥിച്ചു. ജൂൺ നാലിന് രാജ്യത്ത് പുതിയ സൂര്യൻ ഉദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - M.K Stalin on india Alliance government Formation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.