മുംബൈ: മഹാരാഷ്ട്രയിലെ രാഹൂരിയിൽ ഹസ്രത് ചിഷ്ടി ദർഗയിലേക്ക് അതിക്രമിച്ച് കയറി കാവിക്കൊടി കെട്ടി. ദർഗയിലുണ്ടായിരുന്ന പച്ച നിറത്തിലുള്ള കൊടി അഴിച്ചുമാറ്റിയാണ് കാവിക്കൊടി കെട്ടിയിരിക്കുന്നത്. ബുധനാഴ്ചയാണ് സംഭവമുണ്ടായത്.
ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദർഗയിലേക്ക് കയറിയ ആളുകൾ പച്ചനിറത്തിലുള്ള കൊടി അഴിച്ചുമാറ്റി കാവിക്കൊടി കെട്ടുകയായിരുന്നു. ജയ് ശ്രീറാം വിളിച്ചുകൊണ്ടായിരുന്നു പള്ളിയിൽ കാവിക്കൊടി കെട്ടിയത്.
ദർഗക്ക് സമീപത്തുണ്ടായിരുന്ന വീടുകൾക്ക് നേരെ ആൾക്കൂട്ടം കല്ലെറിയുകയും ചെയ്തു. സംഭവം നടക്കുമ്പോൾ പൊലീസ് അവിടെയുണ്ടായിരുന്നു. എന്നാൽ, പ്രശ്നത്തിൽ ഇടപെടാൻ അവർ തയാറായില്ല. നിശബ്ദമായി പൊലീസ് കൊടിയഴിക്കുന്നത് നോക്കിനിൽക്കുകയായിരുന്നുവെന്ന് പ്രദേശവാസി പറഞ്ഞു.
ദർഗക്ക് സമീപത്തുണ്ടായിരുന്ന മുസ്‍ലിം പള്ളിക്ക് നേരെയും ആക്രമണമുണ്ടായതെന്നും മക്തൂബ് മീഡിയ റിപ്പോർട്ട് ചെയ്തു. പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.