ന്യൂഡൽഹി: ലോക്സഭക്കു പിന്നാലെ രാജ്യസഭയിലും കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചക്ക് മറുപടി പറയാനുള്ള അവസരം രാഷ്ട്രീയമായി ദുരുപയോഗിച്ചതിൽ പ്രതിഷേധിച്ച കോൺഗ്രസ്, മോദിയുടെ പ്രസംഗത്തിനിടയിൽ ഇറങ്ങിപ്പോക്ക് നടത്തി. യു.പി അടക്കം അഞ്ചിടത്ത് നിയമസഭ തെരഞ്ഞെടുപ്പ് ചൂടുപിടിച്ചിരിക്കേയാണ് പാർലമെന്റിൽ തുടർച്ചയായ രണ്ടു ദിവസങ്ങളിൽ കോൺഗ്രസിനെ ആക്രമിച്ചത്. കുടുംബാധിപത്യ പാർട്ടികളാണ് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഭീഷണിയെന്ന് മോദി പറഞ്ഞു. കുടുംബവാഴ്ചക്ക് അപ്പുറം ഒരിക്കലും ചിന്തിക്കാത്തതാണ് കോൺഗ്രസിന്റെ പ്രശ്നം. മറ്റെന്തിനേക്കാൾ ഒരു കുടുംബമാണ് പ്രധാനമെന്നു വന്നാൽ ആദ്യം ഇല്ലാതാവുന്നത് പ്രതിഭയുള്ളവരാണ്.
കോൺഗ്രസ് പിരിച്ചുവിടണമെന്നാണ് മഹാത്മ ഗാന്ധി ചിന്തിച്ചത്. അല്ലെങ്കിൽ എന്തു സംഭവിക്കുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ഗാന്ധിയുടെ ആഗ്രഹം നടപ്പായെങ്കിൽ സ്വജനപക്ഷപാതത്തിൽനിന്ന് ഇന്ത്യ മുക്തമായേനെ. ഇന്ത്യ 'സ്വദേശി'യുടെ വഴിയിൽ മുന്നോട്ടു പോയേനെ. അടിയന്തരാവസ്ഥയുടെ കളങ്കം ഉണ്ടാവില്ല. അഴിമതി കൊടി നാട്ടില്ല. ജാതീയതയും പ്രാദേശിക വാദവുമൊന്നും ഉണ്ടാവില്ല. സിഖുകാരെ കൂട്ടക്കൊല ചെയ്യുമായിരുന്നില്ല. കശ്മീരിൽനിന്ന് പലായനം ഉണ്ടാവില്ല. സ്ത്രീകളെ തന്തൂരി അടുപ്പിൽ കത്തിക്കില്ല. അടിസ്ഥാന സൗകര്യങ്ങൾക്ക് വേണ്ടി സാധാരണക്കാർക്ക് ഇത്രത്തോളം നീണ്ട കാത്തിരിപ്പ് വേണ്ടി വരില്ലായിരുന്നു.
പട്ടണ നക്സലുകളുടെ ആശയങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ് കോൺഗ്രസ്. സംഘ്പരിവാറിന്റെ താത്വികാചാര്യനായ വീർ സവർക്കറെക്കുറിച്ച കവിത വായിച്ച ലത മങ്കേഷ്കറുടെ സഹോദരൻ ഹൃദയനാഥ് മങ്കേഷ്കറെ ആകാശവാണിയിൽനിന്ന് പുറത്താക്കുകയായിരുന്നുവെന്നും മോദി ആരോപിച്ചു. നന്ദിപ്രമേയ ചർച്ചക്ക് മറുപടി പറയേണ്ട പ്രധാനമന്ത്രി, കോൺഗ്രസിനെ ആക്രമിക്കാനുള്ള അവസരമായാണ് അത് ഉപയോഗിച്ചതെന്ന് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. വിലക്കയറ്റം, തൊഴിലില്ലായ്മ, കർഷക പ്രശ്നം, ചൈനയുടെ കടന്നു കയറ്റം തുടങ്ങിയവയെക്കുറിച്ച ചോദ്യങ്ങൾക്ക് മോദി മറുപടി പറയുമെന്നാണ് പ്രതീക്ഷിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.