ചെന്നൈ: തമിഴ്നാട്ടിലെ 5200 കോടിയോളം രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ശനിയാഴ്ച വൈകീട്ട് ചെന്നൈയിലെത്തിയ പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ തമിഴ്നാട് ഗവർണർ ആർ.എൻ. രവിയും മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ചേർന്ന് വരവേറ്റു. ‘തമിഴ്നാട്ടിലെ യാത്രകൾ’ എന്ന പുസ്തകം നൽകിയാണ് സ്റ്റാലിൻ മോദിയെ സ്വീകരിച്ചത്.
2.2 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ 1260 കോടി രൂപ ചെലവഴിച്ച് നിർമിച്ച ചെന്നൈ വിമാനത്താവളത്തിലെ പുതിയ അന്താരാഷ്ട്ര ടെർമിനൽ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു.
ചെന്നൈ- കോയമ്പത്തൂർ വന്ദേഭാരത് ട്രെയിൻ സർവിസ് പ്രധാനമന്ത്രി ഫ്ലാഗ്ഓഫ് ചെയ്തു. സാധാരണ യാത്രക്കാർക്കും പ്രയോജനപ്പെടുന്നവിധത്തിൽ വന്ദേഭാരത് ട്രെയിനിന്റെ ടിക്കറ്റ് നിരക്ക് കുറക്കണമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആവശ്യപ്പെട്ടു. പ്രസംഗത്തിലുടനീളം കേന്ദ്രസർക്കാറിനെ ‘ഒൺറിയ അരസ്’ (യൂനിയൻ സർക്കാർ) എന്ന് വിശേഷിപ്പിച്ച സ്റ്റാലിൻ രാജ്യത്തിന്റെ ഫെഡറൽ സംവിധാനം ശക്തിപ്പെടുന്നതിന് സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശം ഉറപ്പാക്കണമെന്ന് പറഞ്ഞു.
ശ്രീരാമകൃഷ്ണ മഠത്തിന്റെ 125ാം വാർഷികാഘോഷവും മോദി ഉദ്ഘാടനം ചെയ്തു. ചെന്നൈ വിമാനത്താവളത്തിൽനിന്ന് ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്ക് പോകവെ റോഡിനിരുവശവും ബി.ജെ.പി- അണ്ണാ ഡി.എം.കെ പ്രവർത്തകർ വാദ്യഘോഷങ്ങളോടെ അഭിവാദ്യമർപ്പിച്ചു.
അതേസമയം, കോൺഗ്രസ് പ്രവർത്തകർ വള്ളുവർകോട്ടത്ത് കരിങ്കൊടി പ്രകടനം നടത്തി. ത്യാഗരായനഗറിൽ ദ്രാവിഡ കഴകം ഉൾപ്പെടെ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. പങ്കെടുത്ത നൂറുകണക്കിന് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ‘മോദി ഗോ ബാക്ക്’ എന്നെഴുതിയ കറുത്ത ഹൈഡ്രജൻ ബലൂണുകളും വിവിധയിടങ്ങളിൽ പറത്തി. സമൂഹമാധ്യമങ്ങളിൽ ‘‘മോദി ഗോ ബാക്ക്’’ എന്ന ഹാഷ് ടാഗും ട്രെൻഡിങ്ങായിരുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് നഗരത്തിൽ കനത്ത പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയത്.
ചെന്നൈ: കേന്ദ്ര സർക്കാറുമായും ബി.ജെ.പിയുമായും ഏറ്റുമുട്ടാൻ ഒരു മടിയുമില്ലാത്ത തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ചെന്നൈയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ചു. വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന് ശനിയാഴ്ച വൈകീട്ടാണ് മോദി ചെന്നൈ വിമാനത്തിലെത്തിയത്.
ഗവർണർ ആർ.എൻ. രവി, കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എന്നിവരും മോദിക്കൊപ്പമാണ് സ്റ്റാലിനും മോദി സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയത്. പ്രധാനമന്ത്രിക്ക് ഹസ്തദാനം നൽകിയ സ്റ്റാലിൻ, അൽപനേരം അദ്ദേഹത്തിന്റെ കൈപ്പത്തിയുടെ പുറകിൽ തലോടിയത് ചാനലുകൾക്ക് വിരുന്നായി. ഇതേസമയം, അഴിമതിപ്പട്ടികയിലുള്ള ഡി.എം.കെ മന്ത്രിമാരുടെ പട്ടിക ഉടൻ പുറത്തുവിടുമെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയുടെ പ്രസ്താവന പുറത്തുവന്നതും ശ്രദ്ധേയമായി.
ഗവർണർ ആ.എൻ. രവിയെ മുൻ നിർത്തി സംസ്ഥാന ഭരണകൂടത്തെ നിരന്തരം പ്രതിസന്ധിയിലാക്കാൻ ശ്രമിച്ചുവരുകയാണ് ബി.ജെ.പി. കോൺഗ്രസിനൊപ്പം ചേർന്ന് എൻ.ഡി.എ ഭരണത്തെ ശക്തമായി വിമർശിക്കുന്ന മുഖ്യമന്ത്രി സ്റ്റാലിൻ പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തുമോ എന്ന് ചോദ്യമുയർന്നിരുന്നു. തമിഴ്നാട് സന്ദർശനത്തിന് തൊട്ടുമുമ്പ് തെലങ്കാനയിലെത്തിയ മോദിയെ സ്വീകരിക്കാൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു തയാറായിരുന്നില്ല. മാത്രമല്ല, ഹൈദരാബാദിൽ നടന്ന പരിപാടിയിൽ ചന്ദ്രശേഖര റാവു പങ്കെടുക്കുകയും ചെയ്തില്ല.
അതേസയം, തമിഴ്നാട്ടിൽ പ്രധാനമന്ത്രി പങ്കെടുത്ത മൂന്ന് പരിപാടികളിലും സ്റ്റാലിനും പങ്കെടുത്തു. ചെന്നൈ വിമാനത്താവളത്തിലെ പുതിയ ടെർമിനലിന്റെ ഉദ്ഘാടനച്ചടങ്ങിലും അദ്ദേഹം മോദിക്കൊപ്പം വേദി പങ്കിടുകയും ചെയ്തു. നേരത്തേ വിമാനത്താവളത്തിൽനിന്ന് ഇറങ്ങിയ മോദിക്കുനേരെ കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത് അൽപം സംഘർഷത്തിന് ഇടയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.