ന്യൂ ഡൽഹി: യുക്രെയ്ൻ വിഷയത്തിൽ സൈനിക പരിഹാരം സാധ്യമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയെ അറിയിച്ചു. ചൊവ്വാഴ്ച ഫോണിലൂടെയാണ് ഇരുവരും സംഭാഷണം നടത്തിയത്. സമാധാനപരമായ എന്ത് സംഭാവനകൾ നൽകാനും ഇന്ത്യ തയ്യാറാണെന്ന് അദ്ദേഹം ഉറപ്പ് നൽകി.
ശത്രുത എത്രയും വേഗം അവസാനിപ്പിക്കണമെന്നും സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും പാത പിന്തുടരണമെന്നും മോദി അഭ്യർത്ഥിച്ചതായി പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ആണവ നിലയങ്ങൾ അപകടപ്പെടുത്തുന്നത് പൊതുജനാരോഗ്യത്തിനും പരിസ്ഥിതിക്കും ദൂരവ്യാപകവും വിനാശകരവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകിയെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
യു.എൻ, അന്താരാഷ്ട്ര നിയമങ്ങൾ, രാഷ്ട്രങ്ങളുടെ പരമാധികാരം തുടങ്ങിയവ മാനിക്കേണ്ടതിന്റെ ആവശ്യകതയും ഫോൺ സംഭാഷണത്തിൽ വിഷയമായി. ഉഭയകക്ഷി സഹകരണത്തിന്റെ സുപ്രധാന മേഖലകളെക്കുറിച്ചും യുക്രെയ്ൻ ഉൾപ്പെടെയുള്ള ആണവ ശക്തികളുടെ സുരക്ഷയ്ക്ക് ഇന്ത്യ നൽകുന്ന പ്രാധാന്യത്തെക്കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.