പണമെല്ലാം പാർഥ ചാറ്റർജിയുടേത്, വെളിപ്പെടുത്തലുമായി അർപ്പിത മുഖർജി

കൊൽക്കത്ത: തന്‍റെ രണ്ടാമത്തെ ഫ്ലാറ്റിൽനിന്ന് ഇ.ഡി കണ്ടെടുത്ത പണം ബംഗാൾ മന്ത്രി പാർഥ ചാറ്റർജിയുടേതാണെന്ന്സ്കൂൾ നിയമന അഴിമതി കേസിൽ അറസ്റ്റിലായ നടി അർപ്പിത മുഖർജി. പണം സൂക്ഷിക്കാൻ തന്‍റെ ഫ്ലാറ്റുകൾ ഉപയോഗിക്കുക മാത്രമാണ് ചെയ്തതെന്നും അവർ വെളിപ്പെടുത്തി. അർപ്പിതയുടെ രണ്ടാമത്തെ ഫ്ലാറ്റിൽനിന്ന് 28 കോടി രൂപയും അഞ്ച് കിലോ സ്വർണവും കണ്ടെത്തിയതിനു പിന്നാലെയാണ് വെളിപ്പെടുത്തൽ.

നേരത്തെ, അർപ്പിതയുടെ ബെൽഗാരിയയിലെ അപ്പാർട്ട്മെന്റിൽനിന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 20 കോടി രൂപയും മൂന്നു കിലോ സ്വർണവും കണ്ടെടുത്തിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി 15 സ്ഥലങ്ങളിൽ ബുധനാഴ്ച ഇ.ഡി പരിശോധന നടത്തിയിരുന്നു. നിർണായക രേഖകൾ കണ്ടെടുത്തതായും വിവരമുണ്ട്. പാർഥ ചാറ്റർജി വിദ്യാഭ്യാസ മന്ത്രിയായിരിക്കെ ബംഗാൾ സ്കൂൾ സർവിസസ് കമീഷൻ വഴി സർക്കാർ സ്‌കൂളുകളിൽ അധ്യാപക–അനധ്യാപക തസ്തികകളിൽ ജീവനക്കാരെ നിയമിച്ചതിൽ കൈക്കൂലി വാങ്ങിയ പണമാണിതെന്ന് അർപ്പിത മുമ്പും പറഞ്ഞിരുന്നതായി റിപ്പോർട്ടുകൾ വരുന്നുണ്ട്.

നേരത്തെ, അർപ്പിതയുടെ സൗത്ത് കൊൽക്കത്തയിലെ ആഡംബര ഫ്ലാറ്റിൽനിന്ന് 21.90 കോടി രൂപയും 56 ലക്ഷം രൂപയുടെ വിദേശ കറൻസിയും 76 ലക്ഷം രൂപയുടെ സ്വർണവും കണ്ടെടുത്തിരുന്നു. പിന്നാലെ പാർഥ ചാറ്റർജിയെയും അർപ്പിത മുഖർജിയെയും ഇ.ഡി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരും ആഗസ്റ്റ് മൂന്നു വരെ ഇ.ഡി കസ്റ്റഡിയിലാണ്.

മമത ബാനർജി മന്ത്രിസഭയിലെ ഏറ്റവും മുതിർന്ന മന്ത്രിയും മമതയുടെ അടുത്ത സഹായിയുമാണ് പാർഥ ചാറ്റർജി.

Tags:    
News Summary - Money recovered from my place belongs to Partha Chatterjee: Arpita tells ED

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.