സഹപാഠികളായ പെൺകുട്ടികളോട് സംസാരിച്ച വിദ്യാർഥിക്ക് നേരെ സദാചാര ആക്രമണം; നാലു പേർ അറസ്റ്റിൽ

മംഗളൂരു: സഹപാഠികളായ പെൺകുട്ടികളോട് സംസാരിച്ചതിന് വിദ്യാർഥിക്ക് നേരെ സദാചാര ആക്രമണം. ദക്ഷിണ കന്നട ജില്ലയിൽ മംഗളൂരുവിനടുത്ത മൂഡബിദ്രിയിൽ ബസ്സ് സ്റ്റോപ്പിലാണ് അക്രമം നടന്നത്. സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി എട്ടുമണിയോടെ നടന്ന സംഭവത്തിൽ വ്യാഴാഴ്ച വൈകുന്നേരമാണ് പൊലീസ് നടപടിയുണ്ടായത്. മൂഡബിദ്രി സ്വദേശികളായ എ.പ്രേംകുമാർ(24),കെ.അഭിലാഷ്(25),സഞ്ജ്ഹെഗ്ഡെ(28),പി.വിനീഷ്(27) എന്നിവരാണ് അറസ്റ്റിലായത്.

മൂഡബിദ്രി പ്രാന്ത്യ സ്വദേശിയും ഒന്നാം വർഷ ബിരുദ വിദ്യാർഥിയുമായ കെ.ഫർഹാനാണ്(19) അക്രമത്തിന് ഇരയായത്. ബംഗളൂരുവിലേക്ക് ബസ് കാത്തു നിൽക്കുകയായിരുന്ന സഹപാഠികളായ രണ്ട് പെൺകുട്ടികളെ കണ്ട ഫർഹാൻ അവരോട് സംസാരിച്ചു നിൽക്കുകയായിരുന്നു. ഇത് കണ്ട നാലംഗ സംഘം ഫർഹാനോട് തിരിച്ചറിയൽ കാർഡ് ചോദിക്കുകയും പിടിച്ചെടുക്കുകയുമായിരുന്നു. മുസ് ലിം ആണെന്ന് മനസ്സിലായതോടെ ഹിന്ദു പെൺകുട്ടികളുമായി എന്താ കാര്യം എന്ന് ചോദിച്ച് മുഖത്തടിക്കുകയായിരുന്നുവെന്ന് വിദ്യാർഥി പരാതിയിൽ പറഞ്ഞു. സംഘം കൂടുതൽ അക്രമത്തിന് മുതിരുന്നതിനിടെ പൊലീസ് പട്രോളിങ് വാഹനം കണ്ടതോടെ സ്ഥലംവിടുകയായിരുന്നു.

ആഭ്യന്തര മന്ത്രി ഡോ.ജി.പരമേശ്വര ചുമതലയേറ്റതിന് തൊട്ടു പിന്നാലെ മംഗളൂരുവിൽ ദക്ഷിണ കന്നട, ഉഡുപ്പി,ചിക്കമംഗളൂരു ജില്ലകളിലെ പൊലീസ് അധികാരികളുടെ യോഗം ചേർന്ന് സദാചാര ഗുണ്ടായിസം, മതവിദ്വേഷ പ്രചാരണം, മയക്കുമരുന്ന് എന്നിവക്കെതിരെ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചിരുന്നു. ഉള്ളാൾ ബീച്ചിൽ മലയാളി മെഡിക്കൽ വിദ്യാർഥികളെ സദാചാര ഗുണ്ടകൾ അക്രമിച്ച സംഭവമായിരുന്നു ഇതിന്റെ പശ്ചാത്തലം.

സ്ക്വാഡ് ആസ്ഥാനമായ മംഗളൂരു സിറ്റി പോലീസ് പരിധിയിൽ ഉൾപ്പെടെ ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളിൽ ജുലൈ, ആഗസ്റ്റ് മാസങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന പതിനൊന്നാമത് സദാചാര ഗുണ്ടാ ആക്രമണമാണ് മൂഡബിദ്രിയിൽ നടന്നത്.

ഹിന്ദു യാത്രക്കാരിയുമായി അവർ ആവശ്യപ്പെട്ട സ്ഥലത്തേക്ക് ഓട്ടം പോവുകയായിരുന്ന ഓട്ടോ റിക്ഷ ഡ്രൈവർ മംഗളൂരു ഉജ്റെ സ്വദേശി മുഹമ്മദ് ആഷിഖിനെ(23) അക്രമിച്ച കേസിൽ മൂന്ന് സദാചാര ഗുണ്ടകളെ നേരത്തെ ധർമ്മസ്ഥല പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ധർമ്മസ്ഥല സ്വദേശികളായ എ.എം.അവിനാഷ്(26), കെ.നന്ദീപ്(20),ഉപ്പിനങ്ങാടിയിലെ വി.അക്ഷത്(22) എന്നിവരാണ് അറസ്റ്റിലായത്.

മംഗളൂരുവിലെ നാല് ഡോക്ടർമാരും രണ്ടു വനിത പ്രഫസർമാരും സഞ്ചരിച്ച കാർ തടഞ്ഞ് മതം ചോദിച്ച് അധിക്ഷേപിച്ച സംഭവത്തിൽ സന്തോഷ് നന്ദലികെ(32), കാർത്തിക് പൂജാരി (30), സുനിൽ മല്ല്യ മിയാർ(35), സന്ദീപ് പൂജാരി മിയാർ(33), സുജിത് സഫലിഗ തെല്ലരു(31)എന്നീ ഹിന്ദു ജാഗരണ വേദി പ്രവർത്തകരെ കാർവാർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മംഗളൂരുവിലെ വെബ് പത്രം റിപോർട്ടർ അഭിജിത്ത് സദാചാര ഗുണ്ട അക്രമത്തിന് ഇരയായ കേസിൽ കൊടെകരുവിലെ സി.ചേതൻ(37),യെയ്യാദിയിലെ കെ.നവീൻ(43)) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബണ്ട്വാൾ ഡി.വൈ.എസ്.പി ഓഫീസിലെ ഇൻസ്പെക്ടർ കുമാർ ഹനുമന്തപ്പ മുസ്‌ലിം ആണെന്ന് കരുതി ഭാര്യയുമായി നടന്നു പോയ അദ്ദേഹത്തെ അക്രമിച്ച സംഭവത്തിൽ മംഗളൂരു തുംബെ സ്വദേശികളായ എം.മനീഷ് പൂജാരി(29),കെ.എം. മഞ്ചുനാഥ് ആചാര്യ(32) എന്നിവരെ അറസ്റ്റ് ചെയ്തതാണ് മറ്റൊരു സംഭവം.

Tags:    
News Summary - Moral police attack on student who spoke to female classmates; Four people were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.