ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് കേസുകളുടെ പകുതിയിലധികവും കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളത്തിലെ എല്ലാ ജില്ലകളിലേയും സ്ഥിതി ആശങ്കജനകമാണെന്ന് വെള്ളിയാഴ്ച നടത്തിയ വാർത്തസമ്മേളനത്തിൽ ആരോഗ്യവകുപ്പ് ജോ.സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. ദേശീയ തലത്തില്‍ കോവിഡ് കേസുകൾ കുറയുന്നുണ്ട്. ഒരാഴ്ചയായി പ്രതിദിന കേസുകളുടെ ശരാശരിയില്‍ എട്ട് ശതമാനം കുറവുണ്ടായി. 90 ജില്ലകളില്‍ നിന്നാണ് കേസുകളുടെ 80 ശതമാനവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 66 ജില്ലകളില്‍ രോഗസ്ഥിരീകരണ നിരക്ക് പത്തു ശതമാനത്തിനു മുകളിലാണെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാം തരംഗം ഇതുവരെ അവസാനിച്ചിട്ടില്ല. ഉത്തരാഖണ്ഡിലെയും ഹിമാചല്‍പ്രദേശിലെയും വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ സഞ്ചാരികൾ കൂട്ടത്തോടെ എത്തുന്നത് കൂടുതല്‍ കുഴപ്പങ്ങള്‍ക്കു വഴിയൊരുക്കുമെന്നും ലവ് അഗർവാൾ പറഞ്ഞു. ഉത്തരാഖണ്ഡിലെ മസൂറിയില്‍ കെംപ്റ്റി വെള്ളച്ചാട്ടത്തിനു കീഴില്‍ ആളുകള്‍ തിങ്ങിനിറഞ്ഞു നില്ക്കുന്ന കാഴ്ച കോവിഡിനുള്ള തുറന്ന ക്ഷണമാണെന്നും കടുത്ത ആശങ്കയാണ് ഇത് സൃഷ്ടിക്കുന്നതെന്നും വാർത്തസമ്മേളനത്തിൽ സംസാരിച്ച നിതി ആയോഗ് അംഗം (ആരോഗ്യം) ഡോ. വി.കെ. പോള്‍ പറഞ്ഞു.
കോവിഡിനെതിരെ സ്വീകരിച്ചിട്ടുള്ള മുന്‍കരുതലുകളും നിയന്ത്രണങ്ങളും തുടരുക തന്നെ വേണം. ഗര്‍ഭിണികൾ കോവിഡ് വാക്സിന് സ്വീകരിക്കുന്നത് സുരക്ഷിതമാണെന്നും അദ്ദേഹം അറിയിച്ചു. അതിനിടെ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 43,393 പുതിയ കോവിഡ് രോഗികളുണ്ടായി. 911 പേർ മരിച്ചു. 44,459 പേര് രോഗമുക്തരായി. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.42 ശതമാനമാണ്. 36.89 കോടി ഡോസ് വാക്സിനാണ് ഇതുവരെ വിതരണം ചെയ്തതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.