സോഷ്യൽമീഡിയ ഭ്രമം മനുഷ്യന് പലതരത്തിലുള്ള ദോഷങ്ങളുണ്ടാക്കാറുണ്ട്. എന്നാൽ ഇത്തവണ ഒരു കള്ളെനതെന്ന കുരുക്കിലാക്കിയിരിക്കുകയാണ് സമൂഹമാധ്യമമായ വാട്സാപ്പ്. സംഭവം നടന്നത് മുംബൈയിലാണ്. അവിടെ അംബർനാഥിൽ ചന്ദനത്തിരി കടയിൽ ജോലി ചെയ്തിരുന്നയാളാണ് രാജ് അംബ്‍വാലേ. കട നടത്തിയിരുന്നത് സുനിൽ മഹാദിക് എന്നയാളാണ്.
കുറച്ചുദിവസങ്ങൾക്കുമുമ്പ് കടയുടമയും തൊഴിലാളിയായ രാജ് അംബ്‍വാലേയും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവുകയും ഇയാളെ പിരിച്ചുവിടുകയും ചെയ്തിരുന്നു. തന്റെ കയ്യിൽ നിന്ന് രാജ് പണം കവരുന്നു എന്ന സംശയമാണ് ഇയാളെ പിരിച്ചുവിടുന്നതിലേക്ക് നയിച്ചതെന്ന് സുനിൽ മഹാദിക് പറയുന്നു. എന്നാൽ രാജിനെതിരേ സുനിലിന്റെ കയ്യിൽ തെളിവൊന്നും ഉണ്ടായിരുന്നില്ല.
അങ്ങിനെയിരിക്കെയാണ് രാജിന്റെ മാറ്റങ്ങൾ സുനിൽ ശ്രദ്ധിച്ച് തുടങ്ങുന്നത്. പെട്ടെന്ന് പണക്കാരനായ അവസ്ഥയിലായിരുന്നു രാജ്. ഇതിനിടെ ഇയാൾ തന്റെ വാട്സ്ആപ്പിൽ പുതിയ ഐ ഫോണിന്റേയും പുത്തൻ ഇരുചക്ര വാഹനത്തിന്റേയും ചിത്രങ്ങൾ ഇട്ടു. തന്റെ കാമുകിക്കായാണ് രാജ് സ്കൂട്ടർ വാങ്ങിയത്.
വാട്സ് ആപ്പ് സ്റ്റാറ്റസ് കണ്ട സുനിലിന്റെ സംശയം ഇരട്ടിച്ചു. തുടർന്ന് ഇയാൾ മുൻ തൊഴിലാളിക്കെതിരേ പൊലീസിൽ വിവരം നൽകുകയായിരുന്നു. രണ്ടര ലക്ഷം രൂപ പണമായും കുറച്ച് സ്വർണവുമാണ് കടയിൽനിന്ന് മോഷണം പോയത്. 'വാട്സ് ആപ്പ് സ്റ്റാറ്റസ് കണ്ട് ഞങ്ങൾ പ്രതികൾക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്'-അംബർനാഥ് പോലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്‌പെക്ടർ രാജേന്ദ്ര കോട്ടെ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.