20 വർഷമായി കാണാതായ അമ്മയെ പാകിസ്താനിൽ നിന്നും കണ്ടുകിട്ടിയതിന്റെ സന്തോഷത്തിലാണ് മുംബൈയിൽ ഒരു കുടുംബം. മുംബൈക്കാരിയായ യാസ്മിൻ ശൈഖിനാണ് 20 വർഷത്തെ നീണ്ട ഇടവേളക്ക് ശേഷം അമ്മയെ തിരികെ ലഭിച്ചത്. അതിന് നിമിത്തമായതാകട്ടെ, സോഷ്യൽ മീഡിയയും.
ഇതുമായി ബന്ധപ്പെട്ട കഥ യാസ്മിൻ തന്നെ പറയും. ഖത്തറിൽ വീട്ടുജോലിക്കായി പോയിക്കൊണ്ടിരിക്കുകയായിരുന്നു യാസ്മിന്റെ അമ്മ. 20 വർഷങ്ങൾക്ക് മുമ്പാണ് ഒരു ഏജന്റ് മുഖേന ദുബൈയിലേക്ക് പാചകക്കാരിയായി പോകുന്നത്. അവിടെ ചെന്നതിന് ശേഷം പിന്നീട് വീട്ടുകാർക്ക് അമ്മയെ സംബന്ധിച്ച് യാതൊരു വിവരവും ലഭിച്ചില്ല. ഏജന്റിനോട് അന്വേഷിക്കുമ്പോഴൊക്കെ അമ്മക്ക് വീട്ടുകാരുടെ വിവരം അറിയാൻ താൽപര്യം ഇല്ല എന്ന് അറിയിച്ചെന്നും അവർ സുഖമായി ഇരിക്കുന്നു എന്ന് പറഞ്ഞെന്നും യാസ്മിൻ പറയുന്നു. പാചകത്തൊഴിലാളിയായി ദുബൈയിൽ പോയിരുന്ന അമ്മയെയാണ് ഇപ്പോൾ പാകിസ്താനിൽ കണ്ടെത്തിയിരിക്കുന്നത്.
'20 വർഷത്തിന് ശേഷം പാകിസ്താൻ ആസ്ഥാനമായുള്ള ഒരു സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഞാൻ എന്റെ അമ്മയെക്കുറിച്ച് അറിയുന്നത്. അവർ അതുവഴി ഒരു വീഡിയോ പോസ്റ്റ് ചെയ്തു' -യാസ്മിൻ ശൈഖ് വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു. അമ്മ ഹമീദ ബാനു ദുബൈയിൽ പാചകത്തൊഴിലാളിയായി പോയിരുന്നെന്നും പിന്നീട് കുടുംബവുമായി ബന്ധപ്പെട്ടിട്ടില്ലെന്നും യാസ്മിൻ പറയുന്നു.
''എന്റെ അമ്മ എവിടെയാണെന്ന് അറിയാൻ ഞങ്ങൾ ഏജന്റിനെ കാണാൻ പോകുമ്പോൾ, അമ്മ ഞങ്ങളെ കാണാനോ സംസാരിക്കാനോ ആഗ്രഹിക്കുന്നില്ലെന്ന് ഏജന്റ് പറയാറുണ്ടായിരുന്നു. അമ്മ സുഖമായിരിക്കുന്നുവെന്ന് ഞങ്ങൾക്ക് ഉറപ്പുനൽകി. സത്യം ആരോടും പറയരുതെന്ന് ഏജന്റ് തന്നോട് പറഞ്ഞു'' -യാസ്മിൻ പറയുന്നു.
തങ്ങൾ കണ്ട വീഡിയോയിൽ ഹമീദ തന്നെയാണ് ഉള്ളതെന്ന് ബാനുവിന്റെ സഹോദരി ഷാഹിദ പറഞ്ഞു. ഭർത്താവിന്റെയും സഹോദരങ്ങളുടെയും താമസസ്ഥലത്തിന്റെയും പേര് കൃത്യമായി പറഞ്ഞതോടെയാണ് തങ്ങൾ അവളെ തിരിച്ചറിഞ്ഞതെന്നും അവർ പറഞ്ഞു. ഉടൻ ഹമീദയെ വീട്ടിൽ എത്തിക്കണം എന്നാണ് ബന്ധുക്കൾ ആഗ്രഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.